റഫറിയുടെ തീരുമാനം കേരള ബ്ലാസ്റ്റേഴ്സിനെ കൊലയ്ക്കുകൊടുക്കും പോലെ… ഇത്തരത്തില്‍ ഒരു റഫറിയിങ് ഞെട്ടിച്ചു, ഇങ്ങനെയുള്ള റഫറിമാരെ പുറത്താക്കണം ഐഎം വിജയന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി പൂനെ-കേരള ബ്ലാസ്റ്റേഴ്സ് മത്സരം വന്‍ വിവാദത്തിലേക്ക്. മത്സരത്തിലെ മോശം റഫറിങ്ങിനെതിരെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. പുണെയ്ക്ക് എതിരായ മത്സരത്തില്‍ റഫറിയുടെ തീരുമാനം കേരള ബ്ലാസ്റ്റേഴ്സിനെ കൊലയ്ക്കുകൊടുക്കും പോലെ ആയി. ആദ്യം ഗോള്‍ വിളിക്കുക, പിന്നെ മറ്റൊരു റഫറന്‍സും ഇല്ലാതെ ഗോള്‍ നിഷേധിക്കുക. ഇത്തരത്തില്‍ ഒരു റഫറിയിങ് ഞെട്ടിച്ചു കളഞ്ഞു. പരിചയ സമ്പന്നനല്ലാത്ത റഫറിയുടെ തെറ്റാണിത്. ലോക ഫുട്ബോളിലും ക്ലബ് ഫുട്ബോളുകളിലും ഇങ്ങനെയുള്ള റഫറിമാരെ പുറത്താക്കുകയാണു ചെയ്യുന്നത്. വിഡിയോദൃശ്യങ്ങളുടെ പരിശോധനയും ഗോള്‍ ലൈന്‍ ടെക്നോളജിയുമൊക്കെ ഐഎസ്എല്ലിലേക്ക് എത്തിക്കണമെന്ന് വിജയന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഐഎസ്എല്‍ അധികൃതരില്‍ നിന്നും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. ഇതാണ് ഇന്ത്യന്‍ ഇതിഹാസം ഐഎം വിജയനെ ചൊടിപ്പിച്ചിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി നിഷേധിച്ചും പൂനെയ്ക്ക് അനര്‍ഹമായ പെനാല്‍റ്റി അനുവദിച്ചും ചെയ്ത റഫറിയുടെ നടപടികളാണ് ഐഎസ്എല്ലില്‍ ഇതുവരെയില്ലാത്ത വിവാദം ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയടക്കമുള്ളവര്‍ ടൂര്‍ണമെന്റിലെ മോശം റഫറിയിങ്ങിനെതിരേ ശക്തമായി രംഗത്ത് വന്നതോടെ ഐഎസ്എല്‍ അധികൃതര്‍ കൂടുതല്‍ പ്രതിസന്ധിയിലായിട്ടുണ്ടെന്നാണ് സൂചന. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് പൂനെ പോസ്റ്റില്‍ ഗോള്‍ ലൈനില്‍ വെച്ച് പൂനെ താരം കൈകൊണ്ട് പിടിക്കുന്നത് വ്യക്തമായിരുന്നു. ഗോളാണെന്ന് ആദ്യം വിധിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. മാത്രവുമല്ല കേരള ബ്ലാസ്റ്റേഴ്സിനെതിരേ ഫൗളും വിധിച്ചു. അല്‍ഫാരോ ഗോള്‍ ലൈനില്‍ പന്ത് ബോധപൂര്‍വം കൈകൊണ്ടു തടുത്തിട്ടത് വ്യക്തം. റെഡ്കാര്‍ഡ് കിട്ടേണ്ട കുറ്റമായിരുന്നു.
പിന്നീട്, ബ്ലാസ്റ്റേഴ്സ് പോസ്റ്റില്‍ വെച്ച് അല്‍ഫാരോയെ ഫൗള്‍ ചെയ്തതിന് പൂനെയ്ക്ക് പെനാല്‍റ്റി നല്‍കിയതും വിവാദമായി. ഹെഡ് ചെയ്യുന്നതില്‍ നിന്ന് ചാര്‍ജ് ചെയ്ത നിക്കോള കിര്‍ച്മാരെവിചിന്റെ നടപടി ഫൗള്‍ വിളിക്കാന്‍ മാത്രമുള്ളതല്ലെന്ന് ആര്‍ക്കും വ്യക്തമാകുന്നതായിരുന്നു. എന്നാല്‍, റഫറി ഓം പ്രകാശ് ഠാക്കൂര്‍ ഫൗള്‍ പെനാല്‍റ്റി വിധിച്ചു.

pathram:
Leave a Comment