മര്‍ലോണ്‍ സാമുവല്‍സിനു നേരെ അട്ടഹസിച്ചു: ഖലീല്‍ അഹമ്മദിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ താക്കീത്

ദുബായ്: ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ സാമുവല്‍സിനെ കളിയാക്കിയ ഖലീല്‍ അഹമ്മദിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ താക്കീത്. മുംബൈയില്‍ നടന്ന നാലാം മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യയുടെ യുവ പേസ് ബോളര്‍ ഖലീല്‍ അഹമ്മദിനെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ താക്കീത് ചെയ്തത്. ഉജ്വല ബോളിങ് പ്രകടനവുമായി ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെയാണ് ഖലീലിന് താക്കീത് ലഭിച്ചത്. അഞ്ച് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്താണ് ഇരുപതുകാരനായ ഖലീല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കു വിജയത്തിലേക്കു വഴിതുറന്നത്. വിന്‍ഡീസ് ഇന്നിങ്‌സിന്റെ പതിനാലാം ഓവറിലാണ് വിലക്കിന് ആസ്പദമായ സംഭവം നടന്നത്. 378 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം കരകയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇത്. ഇന്ത്യന്‍ ബോളിങ് ആക്രമണത്തെ ചെറുത്തുനിന്ന മര്‍ലോണ്‍ സാമുവല്‍സ് ഖലീലിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത് ശര്‍മ പിടിച്ച് പുറത്തായി. ഇതോടെ ആവേശം മൂത്ത ഖലീല്‍ സാമുവല്‍സിനടുത്തെത്തി അട്ടഹസിക്കുകയായിരുന്നു.സാമുവല്‍സിനു സമീപത്തേക്ക് ഖലീല്‍ ഓടിയെത്തിയതു കളിക്കാരുടെ പെരുമാറ്റച്ചട്ട ലംഘനമാണെന്നും വിന്‍ഡീസ് താരത്തെ ഇതു പ്രകോപിതനാക്കാന്‍ സാധ്യതയുണ്ടായിരുന്നെന്നും ഫീല്‍ഡ് അംപയര്‍മാരായ ഇയാന്‍ ഗൗല്‍ഡും അനില്‍ ചൗധരിയും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് മാച്ച് റഫറി ക്രിസ് ബ്രോഡ് ഖലീലിനു താക്കീത് നല്‍കിയത്. ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷയുണ്ട്. 24 മാസത്തിനിടെ നാലു ഡിമെറിറ്റ് പോയിന്റായാല്‍ കളിയില്‍ വിലക്കുണ്ടാവും.
മല്‍സരത്തിനു തൊട്ടുപിന്നാലെ തന്നെ തനിക്കു സംഭവിച്ച പിഴവ് ഖലീല്‍ സമ്മതിച്ചിരുന്നു. മാച്ച് റഫറിയുടെ താക്കീത് അംഗീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഔദ്യോഗിക വാദം കേള്‍ക്കലൊന്നും കൂടാതെ തന്നെ മാച്ച് റഫറി അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു

pathram:
Leave a Comment