അച്ഛന്റെ വയലിന്‍ വായന കേട്ട് അമ്മയുടെ മാറത്ത് ചാഞ്ഞുറങ്ങുന്ന തേജസ്വിനി!!! വീഡിയോ വൈറല്‍

പാതിരയുടെ നിശബ്ദതയില്‍ അച്ഛന്‍ വയലിനില്‍ തന്ത്രികള്‍ മീട്ടുമ്പോള്‍ അതിന് കാതോര്‍ത്ത് ഉറങ്ങാനായിരുന്നു ജാനിക്കിഷ്ടം. എന്നാല്‍ അവള്‍ അവസാനമായി മിഴിയടച്ചപ്പോള്‍ മാത്രം അച്ഛന്‍ അരികിലില്ലായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് അപ്പയുടേയും അമ്മയുടേയും പ്രിയപ്പെട്ട ജാനിയെ പുറത്തെടുക്കുമ്പോള്‍, ആ കുഞ്ഞ് ഹൃദയത്തില്‍ ജീവന്റെ തുടിപ്പ് ഒരല്‍പ്പം ബാക്കിയുണ്ടായിരുന്നിരിക്കണം.

പക്ഷേ അവസാനമായി അവളെ ഒരു നോക്കു കാണാന്‍ പോലുമാകാതെ അകലെയെവിടെയോ ജീവനു വേണ്ടി മല്ലിടുകയായിരുന്നു ആ അച്ഛനും അമ്മയും. വേദനയുടെ ആഴമെന്തെന്നാല്‍ ഈ നിമിഷം വരേയും തങ്ങളുടെ പൈതലിന് മരണം തട്ടിയെടുത്തുവെന്ന വലിയ സത്യമറിയാതെ ജീവന്‍ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് അവര്‍, വിധിയങ്ങനെയാണ്, ചിലപ്പോഴൊക്കെ ക്രൂരതയുടെ മുഖപടം അണിയാറുണ്ട്.

തേജസ്വിനിയുടെ പുഞ്ചിരി പൊഴിക്കുന്ന ചിത്രം ഒരു നെരിപ്പോടിലെന്ന പോലെ നമ്മുടെ മനസില്‍ കിടന്നങ്ങനെ നീറുമ്പോള്‍ ഇതാ മറ്റൊന്ന് കൂടി. അച്ഛന്റെ വയലിന്‍ മധുര സ്വരങ്ങള്‍ക്ക് കാതോര്‍ത്ത് അമ്മയുടെ മാറത്ത് ചാഞ്ഞുറങ്ങുന്ന തേജസ്വിനിയുടെ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. ‘പുതു വെള്ളൈ മഴൈ…’ എന്ന വിഖ്യാത ഗാനത്തിന് വയലിനിലൂടെ ബാലഭാസ്‌കര്‍ പുതുജീവന്‍ പകരുമ്പോള്‍ അമ്മയുടെ നെഞ്ചില്‍ നിന്നും മുഖമുയര്‍ത്തി അവള്‍ ഇടയ്ക്ക് അച്ഛനെ നോക്കുന്നുണ്ട്.

കണ്ണീരോടെയല്ലാതെ ഈ രംഗങ്ങള്‍ കണ്ടിരിക്കാനാകില്ല. തേജസ്വിനിയുടെ മരണവാര്‍ത്തയില്‍ ഞെട്ടിത്തരിച്ച മലയാളി മനസിനെ അത്രമേല്‍ ആഴത്തില്‍ കുത്തി നോവിക്കും ആ കുരുന്നിന്റെ ഓമനത്വം തുളുമ്പുന്ന മുഖം. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ആ വീഡിയോയ്ക്ക് കീഴെ തേജസ്വിനിക്ക് വേണ്ടിയുള്ള കണ്ണീര്‍ പൂക്കളാണ്.

pathram desk 1:
Related Post
Leave a Comment