21 കാരിയായ പെണ്‍കുട്ടിയെ തല്ലിച്ചതച്ച് പൊലീസ് ഓഫിസറുടെ മകന്റെ ക്രൂരത; നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി രാജ്‌നാഥ് സിങ് (വീഡിയോ)

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് ഓഫിസറുടെ മകന്‍ പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹിയിലെ കോള്‍ സെന്ററിനകത്ത് വച്ച് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന മൊബൈല്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നടപടിയെടുക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഇതിനുപിന്നാലെ ഡല്‍ഹി പൊലീസ് ഓഫിസറുടെ മകന്‍ രോഹിത് സിങ് തോമറിനെ അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ ഉത്തംനഗറിലുളള കോള്‍സെന്ററിനകത്ത് വച്ചാണ് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നതെന്നാണ് വിവരം. രോഹിത്തിന്റെ സുഹൃത്ത് ഇവിടെയാണ് ജോലി ചെയ്യുന്നതെന്നും അടുത്തിടെ ഇവിടെ ജോലിക്കുചേര്‍ന്ന 21 കാരിയായ പെണ്‍കുട്ടി സെപ്റ്റംബര്‍ രണ്ടിനാണ് മര്‍ദ്ദനത്തിന് ഇരയായതെന്നും റിപ്പോര്‍ട്ടുണ്ട്.

രോഹിത് പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിക്കുന്നതും കാലുകൊണ്ടും കൈ കൊണ്ടും മര്‍ദ്ദിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. രോഹിതിന്റെ സുഹൃത്താണ് സംഭവം മൊബൈലില്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ അവിടെ ഉണ്ടായിരുന്ന മറ്റു സുഹൃത്തുക്കളില്‍ ആരുംതന്നെ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് തടയുന്നില്ല.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെ രാജ്‌നാഥ് സിങ്ങിന്റെ ശ്രദ്ധയിലും പെട്ടു. ഡല്‍ഹി പൊലീസ് കമ്മിഷണറോട് സംഭവത്തില്‍ ഉടനടി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

അതിനിടെ, മര്‍ദ്ദനത്തിന് ഇരയായ പെണ്‍കുട്ടി ഇന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സുഹൃത്തിന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ രോഹിത് അവിടെ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോഴാണ് തന്നെ മര്‍ദ്ദിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

pathram desk 2:
Leave a Comment