ബ്ലാസ്റ്റേഴ്സിന് വേണ്ടാത്ത ഹ്യൂമേട്ടന്‍ ഇനി പുണെ സിറ്റിയ്ക്ക് വേണ്ടി പന്ത് തട്ടും, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് വിട്ട ഇയാന്‍ ഹ്യൂം ഇനി പുണെ സിറ്റിയില്‍. ബ്ലാസ്റ്റേഴ്സ് മാനേജുമെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഐഎസ്എല്ലിലെ ടോപ്പ് സ്‌കോററായ ഹ്യൂം ടീം വിട്ടത്. പിന്നാലെ താരത്തെ എഫ്സി പുണെ സിറ്റി തങ്ങളുടെ പാളയത്തിലെത്തിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഹ്യൂമുമായി കരാറിലെത്തിയതായി പുണെ അറിയിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

പുണെ ടീമിന്റെ ഫെയ്സ്ബുക്ക് പേജില്‍ കമന്റ് ചെയ്യുന്നവരില്‍ അധികം പേരും മലയാളികളാണ്. ഹ്യൂമിന് ആശംസകള്‍ നേരുന്ന ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ തെറിവിളിക്കുകയും ചെയ്യുന്നുണ്ട്. ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മാനേജ്‌മെന്റിന് തന്നെ നിലനിര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഹ്യൂമേട്ടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

‘ക്ലബിലെ എല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഞാനിതുവരെ കളിച്ചതില്‍ വച്ച് ഏറ്റവും മികച്ച കാണികള്‍ക്കു മുന്നിലാണ് പന്ത് തട്ടിയത്. എന്നെ ആദ്യ സീസണ്‍ മുതല്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി.’ എന്നായിരുന്നു ഹ്യൂമിന്റെ പോസ്റ്റ്. ഐഎസ്എല്ലിലെ ഗോള്‍വേട്ടക്കാരില്‍ മുമ്പനാണ് ഹ്യൂം. 59 ഐഎസ്എല്‍ മത്സരങ്ങളില്‍ നിന്ന് ഇയാന്‍ ഹ്യൂം 28 ഗോളുകളാണ് നേടിയത്. കഴിഞ്ഞ സീസണില്‍ ഹാട്രിക്കടക്കം നേടി കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചതും ഹ്യൂമായിരുന്നു. എന്നാല്‍ ഇടയ്ക്ക് പരുക്കേറ്റതോടെ താരത്തിന് അവസാന മത്സരങ്ങള്‍ നഷ്ടമായിരുന്നു.

അനസ് എടത്തൊടിക, അബ്ദുള്‍ ഹക്കു, എം.എസ്.ജിതിന്‍ എന്നീ മലയാളി താരങ്ങളെ ഈ സീസണില്‍ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഒപ്പു വച്ചിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് സ്ട്രൈക്കര്‍ സിമിന്‍ലെന്‍ ഡൗങ്ങല്‍, ഫ്രഞ്ച് പ്രതിരോധ താരം സിറില്‍ കാലി എന്നീ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ടീമിലെത്തിച്ചിട്ടുണ്ട്.

pathram desk 2:
Leave a Comment