‘അച്ചേ ദിന്‍ കബ് ആയേംഗെ’….ബിജെപിക്കെതിരെ ട്രോളായി ഉപയോഗിച്ചു: അനില്‍ കപൂര്‍ ചിത്രത്തിലെ ഗാനത്തിന് കത്രിക വെച്ചു

അനില്‍കപൂര്‍, രാജ്കുമാര്‍ റാവു, ഐശ്വര്യ റായ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അതുല്‍ മഞ്ചരേക്കര്‍ സംവിധാനം ചെയ്ത റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഫന്നെ ഖാന്‍. മൊഹബ്ബത്, ഹല്‍ക ഹല്‍കാ എന്നീ ഗാനങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ‘അച്ചേ ദിന്‍ കബ് ആയേംഗെ’ (നല്ല നാള്‍ എന്ന് വരും) എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. എന്നാല്‍ ഈ പാട്ടിനെതിരെ ബിജെപി പിന്തുണക്കാര്‍ ആക്രമണവുമായി രംഗത്തെത്തി. അച്ചേ ദിന്‍ (നല്ല നാളുകള്‍) വരുന്നു എന്നത് മോദിയുടെ 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വാക്കുകളിലൊന്നായിരുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തതും നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു എന്ന തരത്തിലായിരുന്നു. പാട്ട് ബിജെപിയെ അടിക്കാനുളള വടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണക്കാര്‍ ഏറ്റെടുത്തു. വ്യാപകമായ രീതിയിലാണ് പാട്ടിലെ രംഗം മുറിച്ചെടുത്ത് ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചത്.

കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചാണ് പാട്ടെന്നാണ് ബിജെപി പിന്തുണക്കാര്‍ ഇതോടെ വാദിച്ച് രംഗത്തെത്തിയത്. രാജ്യം വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സമയത്ത് ഇത്തരത്തിലൊരു അടി സര്‍ക്കാര്‍ അനുകൂലികളെയും അലോസരപ്പെടുത്തി. പാട്ടിന്റെ വരികള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ പാട്ടില്‍ തിരുത്ത് വരുത്തേണ്ടി വന്നു അണിയറക്കാര്‍ക്ക്. ആദ്യ ഭാഗത്തില്‍ അച്ചേ ദിന്‍ കബ് ആയേംഗേ എന്നാണെങ്കില്‍ ‘മേരെ’ അച്ചെ ദിന്‍ ഹെ ആയേരെ എന്നാക്കി മാറ്റുകയായിരുന്നു.

പാട്ട് തിരുത്തിയത് സംബന്ധിച്ച് സംവിധായകന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു, പാട്ടിന് അനാവശ്യമായി രാഷ്ട്രീയ നിറം നല്‍കുകയായിരുന്നു, അത് സര്‍ക്കാരിന്റെ പരസ്യവാചകമായിരുന്നുവെന്നത് ഓര്‍ത്തില്ല, പാട്ടിന് ഇത്തരത്തിലൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാലാണ് തിരുത്തല്‍ വരുത്തിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

pathram desk 2:
Leave a Comment