ഇറോട്ടിക്ക് ത്രില്ലറായി ആ സിനിമയെ അവര്‍ പ്രമോട്ട് ചെയ്തു; അണിയറ പ്രവര്‍ത്തകരെ വിമര്‍ശിച്ച് റായ് ലക്ഷ്മി

തെന്നന്ത്യന്‍ താരം റായ് ലക്ഷ്മിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു ജൂലി 2. എന്നാല്‍, പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് സാധിച്ചില്ല. അതിന്റെ കാരണം റായ് ലക്ഷ്മി പറയുന്നത് ചിത്രത്തിന്റെ തെറ്റായ മാര്‍ക്കറ്റിങ് ആണെന്നാണ്.

‘ഞാന്‍ പറയും ആ സിനിമ മാര്‍ക്കറ്റ് ചെയ്തതും പരസ്യം നല്‍കിയതും തെറ്റായ രീതിയിലാണ്. ഒരുപാട് ശ്രദ്ധ ആകര്‍ഷിക്കാനാണ് മാര്‍ക്കറ്റിങ് ടീം ശ്രമിച്ചതെങ്കിലും അത് എല്ലാം അബദ്ധത്തില്‍ ചെന്ന് ചാടി. ആ സിനിമ ഒരു ഇറോട്ടിക്ക് ത്രില്ലറാണെന്ന പ്രതീതിയാണ് ട്രെയിലര്‍ ജനിപ്പിച്ചത്. ഇത് കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍നിന്ന് അകറ്റി നിര്‍ത്തി.

ആ സിനിമയ്ക്ക് നല്ലൊരു സന്ദേശമുണ്ടായിരുന്നു, എന്റെ കഥാപാത്രവും മികച്ചതായിരുന്നു. സ്ത്രീകള്‍ സിനിമ കാണണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ, തെറ്റിദ്ധാരണകള്‍ സിനിമയുടെ വിജയത്തെ ബാധിച്ചു. എനിക്കതില്‍ നിരാശയൊന്നുമില്ല. ബോളിവുഡിലേക്ക് എനിക്ക് ഈ സിനിമയിലൂടെയാണ് എന്‍ട്രി കിട്ടിയത്. ഇപ്പോള്‍ നിരവധി ഓഫറുകളും അവിടെനിന്ന് വരുന്നുണ്ട്’

മലയാളത്തിലേക്ക് ഏതാണ്ട് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരുന്നതിലുള്ള സന്തോഷവും റായ് ലക്ഷ്മി പങ്കുവെച്ചു. സേതുവിന്റെ ആദ്യ സംവിധാന സംരംഭം കുട്ടനാടന്‍ ബ്ലോഗില്‍ മമ്മൂട്ടിയുടെ നായികയായാണ് ലക്ഷ്മി മലയാളത്തിലേക്ക് മടങ്ങി വരുന്നത്. ഇതിന് മുന്‍പ് മറ്റൊരു മമ്മൂട്ടി ചിത്രത്തില്‍ നായികയുടെ വേഷം ഓഫര്‍ ചെയ്തിരുന്നുവെങ്കിലും ജൂലി 2 വിന്റെ ഷൂട്ടിങ് തിയതിയുമായി കൂട്ടിമുട്ടിയത് കൊണ്ട് ആ സിനിമ ചെയ്യാന്‍ സാധിച്ചില്ലെന്നും റായ് ലക്ഷ്മി പറഞ്ഞു.

pathram desk 1:
Leave a Comment