മഴ ലഭിക്കാന്‍ ‘തവളക്കല്യാണം’ നടത്തി ബി.ജെ.പി മന്ത്രി!!! പങ്കെടുത്തത് നൂറുകണക്കിന് പേര്‍

ഭോപ്പാല്‍: മഴ പെയ്യിക്കാന്‍ വേണ്ടി ഋഷ്യശൃംഗനെന്ന മുനികുമാരനെ നാട്ടിലേക്കെത്തിച്ച സംഭവം പുരാണത്തില്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ മഴ ലഭിക്കാന്‍ വേണ്ടി തവളകളെ കല്യാണം കഴിപ്പിച്ചിരിക്കുകയാണ് മധ്യപ്രദേശ് ഭരിക്കുന്ന ബിജെപിയുടെ മന്ത്രിയുടെ നേതൃത്വത്തില്‍. ഉത്തരേന്ത്യയിലെ ഒരാചാരമാണിത്. മഴ ഇത്തവണയും കുറഞ്ഞതോടെ മധ്യപ്രദേശിലെ ഛത്തര്‍പുറിലാണ് തവളകളുടെ കല്യാണം നടന്നത്. മഴദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് പൂജ നടത്തിയത്. മധ്യപ്രദേശിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമകാര്യ വകുപ്പ് മന്ത്രി ലളിത് യാദവാണ് പൂജ ചടങ്ങില്‍ സംബന്ധിച്ചത്.

മന്ത്രിയും പ്രാദേശിക ബിജെപി നേതാക്കളും ആസാദ് ഉത്സവ് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് തവളകളുടെ കല്യാണവും നടത്തിയത്. ഈ വിവാഹം കാണാന്‍ നൂറ് കണക്കിനാളുകളാണ് എത്തിയിരുന്നത്.

കുടിവെളളം ലഭ്യമാക്കേണ്ട സ്ഥലത്ത് പൂജ നടത്തുകയാണ് ബിജെപി നേതാക്കള്‍ ചെയ്യുന്നത്, എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അലോക് ചതുര്‍വേദി വിമര്‍ശിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പൂജ നടത്തിയതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. താന്‍ സ്വന്തം പണം മുടക്കി 100 വാട്ടര്‍ ടാങ്കറുകള്‍ ഛത്തര്‍പുറിലെ വിവിധ സ്ഥലങ്ങളില്‍ എല്ലാ ദിവസവും ജലവിതരണത്തിനായി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും അത്തരം പ്രവര്‍ത്തനങ്ങളാണ് മന്ത്രി ചെയ്യേണ്ടതെന്നും ചതുര്‍വേദി വിമര്‍ശിച്ചു.

ഛത്തര്‍പുര്‍ ലളിത് യാദവിന്റെ മണ്ഡലമാണ്. പ്രകൃതിയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ഈ വിവാഹം നടത്തിയത്. ഇത് പണ്ട് കാലത്തേ നടത്തിവന്നിരുന്നതാണ്. മുന്‍കാലങ്ങളില്‍ ഇത് ക്ഷേത്രങ്ങളിലാണ് നടത്തിയിരുന്നത്, ലളിത് വിശദീകരിച്ചു.

pathram desk 1:
Leave a Comment