ബിരിയാണിയുടെ വിലയെ ചൊല്ലി തര്‍ക്കം; കടയുടമയെ കസ്റ്റമര്‍ വെടിവെച്ചു കൊന്നു!!!

കൊല്‍ക്കത്ത: ബിരിയാണിയുടെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തൊടുവില്‍ കടയുടമയെ കസ്റ്റമര്‍ വെടിവെച്ചു കൊന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പാര്‍ഗാന ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സഞ്ജയ് മൊന്‍ഡാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നാല് പേരായിരുന്നു കടയില്‍ ബിരിയാണി കഴിക്കാനായി എത്തിയത്. ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ ഈടാക്കിയതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം ആരംഭിച്ചത്. സംഭവത്തില്‍ മുഹമ്മദ് ഫിറോസ് എന്നയാളെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

ബിരിയാണിയ്ക്ക് ഈടാക്കുന്ന തുകയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കത്തിനൊടുവില്‍ കൂട്ടത്തിലൊരാള്‍ സജ്ഞയ് മൊണ്ടാലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് പറഞ്ഞു.

‘ ഫിറോസ് എന്നയാളാണ് എന്റെ സഹോദരനെ വെടിവെച്ചത്. അവര്‍ നാല് പേരുണ്ടായിരുന്നു. രാജ, ഫിറോസ്, മോര്‍ഗി, സല്‍മാന്‍ എന്നിങ്ങനെയാണ് അവരുടെ പേരുകള്‍. ഹോട്ടലിലെത്തി അവര്‍ ഗുണ്ടായിസം കാണിക്കുകയായിരുന്നു. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ ഭയത്തിലാണ്. സമാധാനപരമായി ഇനി എങ്ങനെ ബിസിനസ് നടത്തിക്കൊണ്ടുപോകുമെന്ന് അറിയില്ല’- സഞ്ജയുടെ സഹോദരന്‍ പ്രതികരിച്ചു.

pathram desk 1:
Leave a Comment