കൊല്‍ക്കത്തയ്‌ക്കെതിരേ മുംബൈയ്ക്ക് 13 റണ്‍സ് ജയം

മുംബൈ: നിര്‍ണായകമായ മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 13 റണ്‍സ് വിജയം. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. ഇതോടെ 10 കളികളില്‍ നിന്ന് 10 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനത്താണ് കൊല്‍ക്കത്ത. അത്രതന്നെ കളികളില്‍ നിന്ന് 8 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ 181 റണ്‍സ് എടുത്തിരുന്നു. 39 പന്തില്‍ 59 റണ്‍സ് എടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍. എവിന്‍ ലൂയിസ് 28 പന്തില്‍ 43 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ 20 പന്തില്‍ 35 റണ്‍സും എടുത്തു.

ഒപ്പണര്‍മാരായ എവിന്‍ ലൂയിസും സൂര്യകുമാര്‍ യാദവും മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. അര്‍ധസെഞ്ചുറി നേടി സൂര്യ കുമാര്‍ യാദവ് സീസണിലെ നാലാം അര്‍ധശതകമാണ് തന്റെ പേരില്‍ കുറിച്ചത്. രോഹിത് ശര്‍മ പതിനൊന്നും കുണാല്‍ പാണ്ഡ്യ പതിനാലും ജെ.പി. ഡുമിനി പതിമൂന്നും റണ്‍സെടുത്തു. കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരേന്‍, ആന്‍ഡ്രേ റസല്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.

കൊല്‍ക്കത്തയ്ക്കായി റോബില്‍ ഉത്തപ്പ 35 പന്തില്‍ 54 റണ്‍സ് നേടി. നിതീഷ് റാണ 35 പന്തില്‍ 31 രണ്‍സും ദിനേഷ് കാര്‍ത്തില്‍ 22 പന്തില്‍ 31 റണ്‍സും എടുത്തു. ഇവര്‍ക്കൊഴികെ മറ്റാര്‍ക്കും കൊല്‍ക്കത്ത നിരയില്‍ തിളങ്ങാനായില്ല. മുംബൈക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ടും ജസ്പ്രീത് ബുംമ്ര, മിച്ചല്‍ മക്ക്‌ലെനഗെന്‍, കുണാല്‍ പാണ്ഡ്യ, മായങ്ക് മാര്‍ക്കണ്ഡെ എന്നിവര്‍ ഒരോ വിക്കറ്റുവീതവും നേടി.

pathram:
Leave a Comment