വിവാദ പ്രസ്താവനയുമായി യെദ്യൂരപ്പ; ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ കൊണ്ടുവരണം!!!

ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടില്‍ കത്തിയമരുകയാണ്. വിജയം മാത്രം മുന്നില്‍ കണ്ട് തീവ്ര പ്രചരണത്തിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും. ഇതിനിടെ ബി എസ് യെദ്യൂരപ്പയുടെ ഒരു പ്രസ്താവന വിവാദമായിരിക്കുകയാണ്. ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്നാണ് യെദ്യൂരപ്പ ആഹ്വാനം ചെയ്ത്. എന്നാല്‍ പ്രസ്താവന വിവാദമായതോടെ സ്‌നേഹത്തോടെ കൊണ്ടുവരലാണ് താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് യെദ്യൂരപ്പ.

ബെലഗാവിയിലെ കിട്ടൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി മഹന്തേഷിന് വോട്ടുചോദിക്കുകയായിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. സിദ്ധരാമയ്യയെയും കോണ്‍ഗ്രസിനെയൊക്കെ വിമര്‍ശിച്ച് പ്രസംഗത്തിന്റെ അവസാനഭാഗത്തെത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകരെ ഉത്സാഹികളാക്കാനുളള നിര്‍ദേശം. അടുത്ത അഞ്ചാറ് ദിവസം വീടുകളിലെല്ലാം കയറണം. മെയ് പന്ത്രണ്ടിന് മഹന്തേഷിന് വോട്ടു ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ ഉണ്ടെങ്കില്‍, കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്ന് യെദ്യൂരപ്പ പറഞ്ഞു.

ആവേശത്തില്‍ അണികള്‍ കയ്യടിച്ചെങ്കിലും യെദ്യൂരപ്പ പെട്ടു. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് പഴിയും കേട്ടു. തോല്‍വി ഉറപ്പിച്ചതുകൊണ്ട് തരംതാണ അടവുകള്‍ പയറ്റാന്‍ ഒരുങ്ങുകയാണ് ബിജെപിയെന്നും അതിന്റെ സൂചനയാണ് യെദ്യൂരപ്പയുടെ പ്രസ്താവനയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇതോടെ പ്രധാനമന്ത്രി കൂടി പങ്കെടുത്ത ശിവമോഗയിലെ റാലിയില്‍ യെദ്യൂരപ്പ വിശദീകരണം നല്‍കി.

pathram desk 1:
Leave a Comment