മുംബൈ: ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയില്‍ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ അലിബാഗ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കിന്റെ ആത്മഹത്യയിലാണ് പൊലീസ് നടപടി. അര്‍ണാബിനെക്കൂടാതെ ഐകാസ്റ്റ് എക്സിലെ ഫിറോസ് ശൈഖിനെതിരെയും സ്മാര്‍ട്ട് വര്‍ക്ക്സിലെ നിതേഷ് സര്‍ദ്ദയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നായിക്കിന്റെ അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അമ്മയുടെ മരണകാരണം പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാന്‍ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.
റിപ്പബ്ലിക് ടി.വി പണം നല്‍കാത്തതിനെത്തുടര്‍ന്നാണ് നായിക് ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു. അതേസമയം നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും കരാര്‍ പ്രകാരമുള്ള തുക നായിക്കിന് നല്‍കിയതായും റിപ്പബ്ലിക് ടി.വി അറിയിച്ചു.
‘ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. 2016 ഡിസംബറില്‍ കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടിരുന്നു. കുടിശ്ശികയുള്ള തുകയെല്ലാം കൊടുത്തുതീര്‍ത്തതാണ്. അതിന്റെ രേഖകളെല്ലാം കൈവശമുണ്ട്. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ അതെല്ലാം സമര്‍പ്പിക്കും. നായിക്കിന്റെ മരണത്തില്‍ അനുശോചിക്കുന്നു.’
അതേസമയം അര്‍ണബടക്കം മൂന്നുപേര്‍ക്കെതിരെയും ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സഞ്ജയ് പാട്ടീല്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പില്‍ മൂവരുടെയും പേരുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പണം നല്‍കാത്തതുമൂലം നായിക്കിന്റെ ബിസിനസ് നഷ്ടത്തിലായെന്നും അക്കാരണത്താലാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു.
ശനിയാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം നായിക്കിന്റെ അമ്മയുടെ മരണകാരണം വ്യക്തമായിട്ടില്ലെന്നും പോസറ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Leave a Comment