തകര്‍ക്കപ്പെട്ട അംബേദ്കര്‍ പ്രതിമ യോഗി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചപ്പോള്‍ കുപ്പായത്തിന്റെ നിറം കാവി!!! പ്രതിഷേധവുമായി ദളിത് സംഘടകള്‍

പ്രതിഷേധത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ച തകര്‍ത്ത അംബേദ്ക്കര്‍ പ്രതിമയുടെ കുപ്പായത്തിന്റെ നിറം കാവി. ഇത് പറ്റില്ലെന്നും സാധാരണ അംബേദ്കറുടെ വസ്ത്രത്തിന്റെ കളറായ ഇരുണ്ട നിറം മാറ്റി പെയ്ന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ബെറേയ്ലിയിലാണ് ഭരണഘടനാ ശില്പി ബി ആര്‍ അംബേദ്കറുടെ പ്രതിമ മൂന്ന് ദിവസം മുമ്പ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്.

ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിനെ തുടര്‍ന്നാണ് പ്രതിമ തകര്‍ക്കപ്പെട്ടത്. എന്നാല്‍ പിന്നീട് ദളിത് സംഘടനകളില്‍ നിന്ന് വന്‍ പ്രതിഷേധം രൂപപ്പെട്ടതോടെ സര്‍ക്കാര്‍ രംഗത്തിറങ്ങി പകരം ഒന്നു തട്ടികൂട്ടുകയായിരുന്നു. പ്രതിമ തകര്‍ക്കപ്പെട്ട ബദുവാന്‍സ് പട്ടണത്തിലെ പോലീസുകാരാണ് പ്രതിമ രണ്ടാമത് വച്ചത്.

എന്നാല്‍ അംബേദ്കര്‍ ധരിച്ചിരിക്കുന്ന ഷെര്‍വാണിയുടെ നിറം കാവിയായതാണ് പ്രശ്മായത്. അരക്ഷണ്‍ ബജാവോ സംഘര്‍ഷ് സമിതി ജില്ലാ പ്രസിഡണ്ട് ഭരത് സിംഗ് പ്രതിമ ഉടന്‍ റിപെയ്ന്റ് ചെയ്യണമെന്നാവശ്യപ്പെട്ടു. കുപ്പായത്തിന്റെ കളറിന്റെ കാര്യത്തില്‍ ദളിത് സമൂഹം പ്രതിഷേധത്തിലാണ്. കാവി അംബേദ്കര്‍ ധരിക്കാറില്ല. അതേസമയം എല്ലായിപ്പോഴും ഇരുണ്ട് കളറുള്ള പാശ്ചാത്യ വസ്ത്രത്തിലാണ് അദ്ദേഹത്തെ കാണ്ടിട്ടുള്ളത്.

പിന്നെ എന്തിനാണ് കാവിയടിച്ചത്- അദ്ദേഹം ചോദിക്കുന്നു. അഖില്‍ ഭാരതീയ കഥിക് സമാജും ഇതിനെതിരെ രംഗത്തു വന്നു. കളറു മാറ്റിയിതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബദുവന്‍ ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കിയിരിക്കുകയാണ് സംഘടന. അംബേദ്കറെ സംഘപരിവാര്‍ സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ പേരിന് മധ്യത്തില്‍ റാംജി എന്ന ചേര്‍ക്കണമെന്നാവശ്യപ്പെട്ടത്.

ഇതും അതിന്റെ തുടര്‍ച്ചയാണ്. സംഘടനാ നേതാവ് വീരു സോങ്കര്‍ പറഞ്ഞു. സംസ്ഥാനത്ത് പ്രമുഖ കെട്ടിടങ്ങള്‍ക്കെല്ലാം കാവിയടിച്ചതിന് ശേഷം ഇപ്പോള്‍ അംബേദ്ക്കറേയും കാവി പുതപ്പിക്കുകയാണ് ആദിത്യ നാഥ് സര്‍ക്കാരെന്നും ഇത് അനുവദിക്കാനാവില്ലെന്നും ബി എസ് പി എം എല്‍ എ സിനോദ് ഷാക്കിയ പറഞ്ഞു.

pathram desk 1:
Leave a Comment