വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കൊണ്ട് തീരുന്നില്ല, ഭാഗ്യലക്ഷ്മി അധ്യക്ഷതയില്‍ മലയാളസിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ എത്തുന്നു

കൊച്ചി: മലയാളസിനിമയിലെ നടിമാരുടെ നേതൃത്വത്തിലുള്ള ഡബ്ലൂസിസിക്ക് പിന്നാലെ ഫെഫ്കയുടെ നേതൃത്വത്തില്‍ വനിതാ കൂട്ടായ്മ വരുന്നു. സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ വനിതാ സംഘടന രൂപം കൊണ്ടത്. സിനിമയിലെ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമാകും സംഘടന ശ്രമിക്കുക.സംഘടനയുടെ ആദ്യ യോഗം കൊച്ചിയില്‍ നടന്നു. ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് സംഘടനയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി അദ്ധ്യക്ഷ. ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ ഒന്‍പത് പേരുടെ കോര്‍കമ്മിറ്റിയും രൂപീകരിച്ചു.

സിനിമയിലെ അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്നം കേള്‍ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമാണ് പുതിയ കൂട്ടായ്മയെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ വര്‍ഷമാണ് നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ ആദ്യ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപം കൊണ്ടത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യരെ മുന്‍ നിര്‍ത്തിയായിരുന്നു ഈ സംഘടന രൂപം കൊണ്ടത്. മഞ്ജു വാര്യര്‍, പാര്‍വതി, രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍, സംവിധായിക അഞ്ജലി മേനാന്‍, വിധു വിന്‍സെന്റ് ഗായിക സയനോര തുടങ്ങി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടിമാരും അണിയറ പ്രവര്‍ത്തകരുമാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന് രൂപം കൊടുത്തത്.

pathram desk 2:
Leave a Comment