ന്യൂഡല്‍ഹി: തങ്ങളുടെ ചാനലിലെ മാധ്യമപ്രവര്‍ത്തകരെ ഗുണ്ടയായി ചിത്രീകരിച്ച അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനെതിരെ പ്രമുഖ ഹിന്ദി ന്യൂസ് ചാനലായ എ.ബി.പി ന്യൂസ് രംഗത്ത്.
ദല്‍ഹിയിലെ യൂത്ത് ഹുങ്കാര്‍ റാലിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി തത്സമയ സംപ്രേഷണത്തിന് ഇടയിലാണ് എ.ബി.പി ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകനെ റിപ്പബ്ലിക് ടി.വി ഗുണ്ടയായി ചിത്രീകരിച്ചത്. ഇതിന് ഓണ്‍ എയറില്‍ മാപ്പുപറയണമെന്നാണ് എ.ബി.പി ന്യൂസ് ആവശ്യപ്പെടുന്നത്.
ജിഗ്‌നേഷ് മെവാനിയുടെ റാലിയ്ക്കിടെ ശിവാനി ഗുപ്തയെന്ന തങ്ങളുടെ റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് നിരവധി വ്യക്തികളുടെ ദൃശ്യങ്ങള്‍ ചുവന്ന വട്ടത്തിനുള്ളിലിട്ട് റിപ്പബ്ലിക് ടി.വി ബ്രോഡ്കാസ്റ്റ് ചെയ്തിരുന്നു. അക്കൂട്ടത്തില്‍ കോളമിസ്റ്റായ പ്രതിഷ്താ സിങ്ങിന്റെ ഭര്‍ത്താവിനെയും എ.ബി.പി ന്യൂസ് റിപ്പോര്‍ട്ടറായ ജൈനേന്ദ്ര കുമാറിനെയും കാണിച്ചിരുന്നു. ഇതിനെതിരെയാണ് ചാനല്‍ രംഗത്തുവന്നത്.
‘കഴിഞ്ഞ രാത്രി, ന്യൂസ് ചാനലെന്ന് വിളിക്കപ്പെടുന്ന റിപ്പബ്ലിക് ടിവി ഒരു നിരപരാധിയെ ഗുണ്ടയായി ചിത്രീകരിച്ചു. കൂടാതെ ഇന്ത്യയിലെ മികച്ച ടി.വി റിപ്പോര്‍ട്ടര്‍മാരിലൊരാളായ ജൈനേന്ദ്ര കുമാറിനെ ചുവപ്പു വൃത്തത്തില്‍ ഉള്‍പ്പെടുത്തി ഗുണ്ടയാക്കി. ഇതെല്ലാം എന്താണ്? എവിടെ നിന്നാണ് ഈ ചാനല്‍ വന്നത്? ഏതുതരം മാനസിക രോഗികളാണ് ഈ ചാനല്‍ നയിക്കുന്നത്? ആരാണ് ഇവിടെ ഗുണ്ടകള്‍? തോന്നിയതെല്ലാം ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ഇവര്‍ തന്നെയാണ് ഗുണ്ടകള്‍. ഇതാദ്യമായാണ് ഒരു വാര്‍ത്താ ചാനലിലെ റിപ്പോര്‍ട്ടറെ മറ്റൊരു ചാനല്‍ ഗുണ്ടയെന്ന് വിളിക്കുന്നത്. അവര്‍ എല്ലാ പരിധിയും കടക്കുകയാണ്. ഈ കൊള്ളക്കാരെ ആര്‍ക്ക് നിയന്ത്രിക്കാനാവും?’ എന്നാണ് എ.ബി.പി ന്യൂസിന്റെ അഭിസര്‍ ശര്‍മ്മ ഫേസ്ബുക്കില്‍ കുറിച്ചത്.
റിപ്പോര്‍ട്ടറെ ഗുണ്ടയായി ചിത്രീകരിച്ചതിന് എ.ബി.പി ന്യൂസിനോട് അര്‍ണബ് ഗോസ്വാമി മാപ്പു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, എ.ബി.പി ന്യൂസ് ഓണ്‍ എയറില്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
Leave a Comment