ബ്ലാസ്റ്റേഴ്സിനെ കാക്കാന്‍ ഡേവിഡ് ജയിംസ് എത്തും, ടീം മാനേജ്മെന്റുമായി ധാരണയിലെത്തി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി ടീമിന്റെ മുന്‍ മാര്‍ക്വീ താരവും ഇംഗ്ലണ്ട് ദേശീയ ടീമില്‍ അംഗവുമായിരുന്ന ഡേവിഡ് ജയിംസ് മടങ്ങിയെത്തുന്നു. കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് ടീം മാനേജ്മെന്റുമായി ഡേവിഡ് ജയിംസ് ധാരണയിലെത്തിയത്. ഏഴു കളികളില്‍ ഒരെണ്ണം മാത്രം ജയിച്ച് പ്രതിസന്ധിയിലായ കേരള ബ്ലാസ്റ്റേഴ്സിനെ തിരിച്ചു കൊണ്ടുവരുക എന്നതാണ് ഡേവിഡ് ജയിംസിന്റെ ദൗത്യം.ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ഡേവിഡ് ജയിംസും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും തമ്മില്‍ നടന്ന തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ധാരണയിലെത്തിയത്.

വ്യക്തിപരമായ കാരണങ്ങളാല്‍, പരസ്പരധാരണപ്രകാരം പടിയിറങ്ങുന്നു എന്ന വിശദീകരണത്തോടെ നിലവിലെ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ ചൊവ്വാഴ്ചയാണ് അപ്രതീക്ഷിതമായി രാജിവെച്ചത്. ഈ ഒഴിവിലേക്കാണ് തിരക്കിട്ടുളള നിയമനം. വ്യാഴാഴ്ച കലൂര്‍ സ്റ്റേഡിയത്തില്‍ എഫ്സി പുണെ സിറ്റിയെ ബ്ലാസ്റ്റേഴ്സ് നേരിടാനൊരുങ്ങവെ പൊടുന്നനെ മ്യൂലന്‍സ്റ്റീന്‍ രാജിവച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിനു 11 മല്‍സരം ബാക്കിയുള്ളപ്പോഴാണു മ്യൂലന്‍സ്റ്റീന്റെ പടിയിറക്കം.

pathram desk 2:
Leave a Comment