ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസും സിഎംആർഎലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം വാദങ്ങൾ സമർപ്പിച്ചു. ഇതിൽ 185 കോടി രൂപയുടെ അനധികൃത പണമിടപാട് സിഎംആർഎൽ നടത്തിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേസിൽ ജനുവരി 20-ന് വിധി വരാനിരിക്കെയാണ് ആദായ നികുതി വകുപ്പും എസ്ഐഫ്ഐഓയും കോടതിയിൽ വാദങ്ങൾ എഴുതി നൽകിയത്.
ഈ 185 കോടി രൂപ ചെലവഴിച്ചത് രാഷ്ട്രീയപ്പാർട്ടികൾക്കും വ്യക്തികൾക്കും നൽകാൻ വേണ്ടിയാണ്. ഇതിനായി സിഎംആർഎൽ ചെലവ് പെരുപ്പിച്ച് കാണിച്ച് കണക്കിൽപ്പെടുത്തി. ചരക്കുനീക്കത്തിനും മാലിന്യനിർമാർജനത്തിലും കോടികൾ ചെലവിട്ട് വ്യാജബില്ലുകൾ ഉൾപ്പെടുത്തിയെന്നും കേന്ദ്രം ആരോപിച്ചു.
എസ്എഫ്ഐഒ അന്വേഷണം ചോദ്യംചെയ്ത് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ അന്തിമവാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു. ജസ്റ്റിസ് ചന്ദ്രധാരി സിങ്ങിന്റെ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. കേന്ദ്രത്തോടും ആദായ നികുതി വകുപ്പിനോടും വാദങ്ങൾ എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേസിൽ അടുത്തയാഴ്ച വിധി പറയും.
Leave a Comment