ലഖ്‌നൗ: തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദമുന്നയിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദിന് തൊട്ടുചേര്‍ന്ന് പൊലിസ് പോസ്റ്റ് സ്ഥാപിക്കുന്നു. പള്ളിക്ക് തൊട്ടുമുമ്പില്‍ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിലാണ് പൊലിസ് പോസ്റ്റ് നിര്‍മിക്കുന്നത്. നിര്‍മാണം ഇതിനകം വിവാദമായിട്ടുണ്ട്. മുസ്ലിംകളെ ഭീതിപ്പെടുത്തുന്നതിനും ഭീകരവല്‍കരിക്കുന്നതിനും വേണ്ടിയാണ് പള്ളിയോട് ചേര്‍ന്ന് പൊലിസ് പോസ്റ്റ് നിര്‍മിക്കുന്നതെന്ന വിമര്‍ശനമാണ് ഉയരുന്നത്.
വെള്ളിയാഴ്ച ജുമുഅ നിസ്‌കാരസമയത്താണ് ഇവിടെ പൊലിസ് പോസ്റ്റിന്റെ നിര്‍മാണം തുടങ്ങിയത്. ജില്ലാ മജിസ്‌ട്രേറ്റ് ഡോ. രാജേന്ദ്ര പന്‍സിയ, സംഭല്‍ ജില്ലാ പൊലിസ് സൂപ്രണ്ട് കൃഷ്ണ കുമാര്‍ ബിഷ്‌ണോയ്, എ.എസ്.പി ശ്രീഷ്ചന്ദ്ര, സി.ഒ അനൂജ് ചൗധരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണത്തിന് തുടക്കമിട്ടത്. പൂജാകര്‍മങ്ങള്‍ക്ക് ശേഷം സ്ഥലം അളന്ന് തറക്കല്ലിടുകയുംചെയ്തു. പ്രദേശത്തെ സന്യാസിയായ ശോഭിത് ശാസ്ത്രിയുടെ വേദമന്ത്രങ്ങളോടെയാണ് ഭൂമി പൂജ നടത്തിയത്.
നിര്‍ദിഷ്ട പൊലിസ് പോസ്റ്റ് നിലനില്‍ക്കുന്ന ഭമിക്ക് മേല്‍ പ്രദേശവാസികളിലൊരാള്‍ അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും രേഖകള്‍ വ്യാജമെന്ന് ആരോപിച്ചാണ് നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നത്. നഗരസഭയുടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തറകുഴിക്കുന്ന പ്രവൃത്തിയാണ് ഇന്നലെ നടന്നത്. സത്യവ്രത് പൊലിസ് പോസ്റ്റ് എന്ന പേരിലായിരിക്കും നിര്‍മ്മിക്കുന്ന പോസ്റ്റിന്റെ പേര്.
ഒരു മാസത്തിനകം ജുമാമസ്ജിദിന് മുന്നില്‍ പൊലിസ് പോസ്റ്റ് സജ്ജമാകുമെന്നും അവിടെ സേനയെ വിന്യസിക്കുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞത്. ഹിന്ദുത്വസംഘടന നല്‍കിയ ഹരജി പരിഗണിച്ച് ഷാഹി മസ്ജിദില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടതോടെയാണ് സംഭല്‍ വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞത്. സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ദിവസങ്ങളോളം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂട്ട അറസ്റ്റ് നടപടികള്‍ തുടരുകയും ബുള്‍ഡോസര്‍ രാജ് നടത്തിവരികയും ചെയ്തതിന് പിന്നാലെയാണ് പ്രദേശത്ത് പൊലിസ് പോസ്റ്റും നിര്‍മിക്കുന്നത്.
വെടിവയ്പ്പ് മുതല്‍ പ്രദേശത്ത് ത്രിതല സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പൊലിസും അര്‍ധസൈനികവിഭാഗവും ഇപ്പോഴും ഷാഹി മസ്ജിദ് സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ വിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസി എം.പി രംഗത്തുവന്നു. രാജ്യത്തിന്റെ ഏത് കോണിലേക്കും നോക്കൂ. അവിടെ സര്‍ക്കാര്‍ സ്‌കൂളുകളോ ആശുപത്രികളോ തുറക്കുന്നില്ല. ഇനി എന്തെങ്കിലും നിര്‍മിക്കുകയാണെങ്കില്‍ അത് പൊലിസ് പോസ്റ്റും മദ്യശാലയുമാണ്. മറ്റൊന്നിനും സര്‍ക്കാരിന് പണമില്ല. മുസ്ലിം പ്രദേശങ്ങളിലാണ് ഏറ്റവും കുറവ് സര്‍ക്കാര്‍ സൗകര്യങ്ങളുള്ളത്- ഉവൈസി ട്വീറ്റ്‌ചെയ്തു
Leave a Comment