സ്വന്തം ജീവന്റെ അംശത്തെ അ​ഗ്നി വിഴുങ്ങിയതറിയാതെ ആ പിതാവ് മറ്റു മൂന്ന് കുരുന്നുകൾക്ക് പുതുജീവനേകി; ഝാന്‍സിയിലെ മെഡിക്കല്‍ കോളേജ് തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തു മരിച്ചു

ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലെ മെഡിക്കല്‍ കോളേജിലുണ്ടായ തീപ്പിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരണമടഞ്ഞ വാര്‍ത്ത ഞെട്ട‌ലാണ് പലരും. മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജിലെ നവജാതശിശു തീവ്രപരിചരണവിഭാഗത്തില്‍ വെള്ളിയാഴ്ച രാത്രിയോടെയുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ വെന്തുമരിച്ചു. 37 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഇവരില്‍ 16 കുഞ്ഞുങ്ങള്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ മൂന്നു കുഞ്ഞുങ്ങളെ രക്ഷിച്ചത് ഉത്തര്‍പ്രദേശിലെ മഹോബാ സ്വദേശിയായ കുല്‍ദീപായിരുന്നു. പക്ഷേ ആളിപ്പടരുന്ന തീയിൽ നിന്ന് കുല്‍ദീപിന് സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല.

പത്തു ദിവസം മാത്രം പ്രായമുള്ള കുല്‍ദീപിന്റെ മകന്‍ പതിവു ചെക്കപ്പിനായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. കുല്‍ദീപും ഭാര്യയും ഡോക്ടര്‍മാരെ കാത്ത് ലോബിയില്‍ കാത്തു നില്‍ക്കുമ്പോഴാണ് പൊടുന്നനേ വാര്‍ഡില്‍ തീപിടിത്തമുണ്ടാകുന്നത്.

ഇതുകണ്ട് വാര്‍ഡിലേക്ക് കുതിച്ച കുല്‍ദീപ് നിമിഷ നേരം കൊണ്ട്മൂന്നു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. അപകടത്തിൽ കുല്‍ദീപിന്റെ കൈയ്ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. മറ്റു കുരുന്നുകളെ രക്ഷപ്പെടുത്തുന്നതിനിടയിൽ തന്റെ മകന്‍ അവിടെ വെന്തുമരിക്കുകയായിരുന്നു എന്ന് താനറിഞ്ഞില്ല എന്ന് കുല്‍ദീപ് പറയുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്ന് സംശയിക്കുന്നു. മരണസംഖ്യ ഉയരുമെന്നാണ് സൂചന. പൊള്ളലേറ്റവര്‍ക്ക് ചികിത്സയുറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

അപകടത്തെക്കുറിച്ച് 12 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഝാന്‍സി ഡിവിഷണല്‍ കമ്മിഷണര്‍ക്കും പോലീസിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്കും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഝാന്‍സിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

pathram desk 5:
Related Post
Leave a Comment