കമൽ ഇനി ന്യൂജനറേഷനൊപ്പം; വിവേകാനന്ദൻ വൈറലാണ് ആരംഭിച്ചു; നായകനായി ഷൈൻ ടോം

തൊടുപുഴ: ഭാവാത്മകമായ ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന സംവിധായകന്‍ കമലിന്റെ പുതിയ ചിത്രത്തിന്റെ പൂജ തൊടുപുഴയില്‍വെച്ച് നടന്നു. സിബി മലയിൽ, ദിലീഷ് നായർ, ആഷിക് അബു, ബാദുഷ എൻ. എം തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി.

‘വിവേകാനന്ദന്‍ വൈറലാണ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് .

നാലു പതിറ്റാണ്ടോളമുള്ള ചലച്ചിത്രസപര്യയില്‍ പ്രേക്ഷകര്‍ എന്നെന്നും നെഞ്ചിലേറ്റുന്ന അനേകം ചിത്രങ്ങള്‍ സമ്മാനിച്ച കമലിന്റെ പുതിയ ചിത്രവും അത്യന്തം ഹൃദയഹാരിയും രസഭരിതവുമാകുമെന്നാണ് പ്രതീക്ഷ.

ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, സ്വാസിക, മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള തുടങ്ങിയ താരങ്ങൾക്കൊപ്പം സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, ഇടവേള ബാബു, അനുഷാ മോഹൻ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. ആര്‍ട്ട്‌ ഡയറക്ടര്‍ – ഇന്ദുലാല്‍, വസ്ത്രാലങ്കാരം – സമീറാ സനീഷ്, മേക്കപ്പ് – പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ – സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ – ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – എസ്സാന്‍ കെ എസ്തപ്പാന്‍, പി.ആര്‍.ഒ – വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്.

pathram desk 2:
Related Post
Leave a Comment