ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് സ്വപ്ന സുരേഷിന്റെ മൊഴി

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് സ്വപ്ന സുരേഷിന്റെ മൊഴി. ഇ.ഡി.ക്ക് സ്വപ്ന സുരേഷ് ജയില്‍ വെച്ച് നല്‍കിയ മൊഴിയില്‍ ആറ് കോടി രൂപയാണ് കോഴപ്പണം എന്ന് വെളിപ്പെടുത്തിയിരുന്നു. ഖാലിദിനു നല്‍കിയ 3.80 കോടി രൂപ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന് ഇതോടെ വ്യക്തമായിരുന്നു. ഇതാണ് ലൈഫ് മിഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇ.ഡി.യെ പ്രേരിപ്പിച്ച ഘടകം.

”സരിത്താണ് ശിവശങ്കറിന്റെ അടുക്കലേക്ക് കൊണ്ടുപോയതെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്റെ ചുമതലക്കാരന്‍ എന്ന നിലയിലാണ് ശിവശങ്കറിനെ പരിചയപ്പെടുത്തിയത്. മേല്‍നോട്ടം ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. യു.വി. ജോസിനെ ആ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് യു.വി. ജോസിനെ രണ്ടുമൂന്നുവട്ടം വീണ്ടും കണ്ടിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.

ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ.യുടെ അന്വേഷണവും നടക്കുന്നുണ്ട്. എം. ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ ഇതുവരെ അറസ്റ്റിന്റെ സൂചനയൊന്നും സി.ബി.ഐ. നല്‍കിയിട്ടില്ലെങ്കിലും ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കേരളത്തിലെ ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി യു.എ.ഇ. റെഡ്ക്രസന്റ് അതോറിറ്റിയുമായി ലൈഫ്മിഷന്‍ ധാരണാപത്രം ഒപ്പിട്ടത് 2019 ജൂലായ് 11-ന്. റെഡ്ക്രസന്റിന്റേതായിരുന്നു സഹായ വാഗ്ദാനം.

റെഡ്ക്രസന്റ് സെക്രട്ടറി ജനറല്‍ ഫഹദ് അബ്ദുള്‍ റഹ്‌മാന്‍ യൂസഫ് അലി ബിന്‍ സുല്‍ത്താനും ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്.

pathram:
Leave a Comment