നാഷണൽ ഹെറാൾഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ വിജയ് ചൗകിൽ നടകീയ പ്രതിഷേധം. കോൺഗ്രസ് എം.പിമാരെ പൊലീസ് ബാലപ്രയോഗത്തിലൂടെയാണ് നീക്കിയത്. രാഹുൽ ഗാന്ധി ഒറ്റക്ക് റോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി, ചർച്ചകൾ നടത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു നീക്കിയത്. രാജ്യത്തെ ജനങ്ങളുടെ ശബ്ദത്തിൽ കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ, രാഷ്ട്രപതിലേക്കുള്ള പ്രതിഷേധ മാർച്ച് അവസാന നിമിഷമാണ് കോൺഗ്രസ് തീരുമാനിച്ചത്. പാർലമെന്റിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടു നീങ്ങിയ എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കുന്നതിനിടെ വലിയ സംഘർഷരംഗങ്ങളാണ് അരങ്ങേറിയത്.
വനിതാ അംഗങ്ങളെ ഉൾപ്പെടെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. പലരെയും കയ്യേറ്റം ചെയ്തു. ഒടുവിൽ ഒറ്റയ്ക്കായ രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമ്പോഴാണ് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാവിലെ 11ന്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഭിഭാഷകർ എന്നിവർക്ക് ഒപ്പമാണ് സോണിയ ഗാന്ധി ചോദ്യം ചെയ്യലിനായി ഹാജരായത്. പ്രിയങ്കയും അഭിഭാഷകരും ഇഡി ഓഫീസിൽ തന്നെ തുടരുകയാണ്. ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്തും, വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരുകയാണ്.
Leave a Comment