സംവരണം, ആദ്യബാച്ചിന് പ്രായപരിധി ഇളവ്, അ​ഗ്നിപഥിൽ ആനുകൂല്യങ്ങളുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: സൈന്യത്തിലേക്ക് കരാര്‍ നിയമനം നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അഗ്നിവീറുകള്‍ക്ക് സേനകളില്‍ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് കേന്ദ്രം. കേന്ദ്ര സായുധ പോലീസ്, അസം റൈഫിള്‍സ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കാണ് സംവരണം ലഭിക്കുക. ഇതിന് പുറമെ ഈ സേനകളിലേക്ക് അഗ്നീവീറുകള്‍ അപേക്ഷിക്കുമ്പോള്‍ മൂന്ന് വര്‍ഷത്തെ പ്രായപരിധി ഇളവും ലഭിക്കും.

ഒപ്പം അഗ്നിവീറുകളുടെ ആദ്യ ബാച്ചിന് മാത്രം അഞ്ച് വര്‍ഷ പ്രായപരിധി ഇളവ് നല്‍കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം കത്തിപടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കി പ്രതിഷേധത്തെ മറികടക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ഇന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിഷയത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10.30-ന് ആണ് യോഗം.

കഴിഞ്ഞദിവസം ഉത്തരേന്ത്യയില്‍മാത്രം ഉയര്‍ന്ന പ്രതിഷേധം വെള്ളിയാഴ്ച ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിരുന്നു. പത്തുസംസ്ഥാനങ്ങളില്‍ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറി. ബിഹാര്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുപുറമേ തെലങ്കാനയിലും പ്രതിഷേധം അക്രമങ്ങളിലേക്ക് വഴിമാറി. തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രതിഷേധക്കാര്‍ക്കുനേരെനടന്ന പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഡിഷയിലെ ടെന്റെയ് സ്വദേശി ധനഞ്ജയ് മൊഹന്തി (27) ആത്മഹത്യചെയ്ത സംഭവം അഗ്‌നിപഥ് വിഷയത്തെച്ചൊല്ലിയാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആത്മഹത്യയെച്ചൊല്ലി ടെന്റയിലും പരിസരങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

അതിനിടെ, പദ്ധതിസംബന്ധിച്ച ഔദ്യോഗികവിജ്ഞാപനം തിങ്കളാഴ്ച കരസേനയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആദ്യബാച്ച് അഗ്‌നിവീരന്മാര്‍ക്ക് ഡിസംബറില്‍ പരിശീലനമാരംഭിക്കും. പദ്ധതിയില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ഞായറാഴ്ച പ്രതിപക്ഷ വിദ്യാര്‍ഥിസംഘടനകള്‍ ബന്ദാചരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലും ഹരിയാണയിലും ഇന്റര്‍നെറ്റ് കണക്ഷന്‍ അധികൃതര്‍ വിച്ഛേദിച്ചു. അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് പ്രധാന പ്രതിപക്ഷപാര്‍ട്ടികളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.

യുവാക്കളുടെയും സൈനികറിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം കാത്തിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്. റോഡുകളും റെയില്‍പ്പാതകളും പ്രതിഷേധക്കാര്‍ ഉപരോധിക്കുകയും വിവിധ സംസ്ഥാനങ്ങളിലായി 11 ഇടത്ത് തീവണ്ടികള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് 38 തീവണ്ടിസര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി. അറുപതിലധികം വാഹനങ്ങള്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു. 19 ഇടങ്ങളില്‍ പോലീസും ഉദ്യോഗാര്‍ഥികളും ഏറ്റുമുട്ടി. പ്രതിഷേധക്കാരും പോലീസുകാരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു.

ആയിരത്തിലധികം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി പോലീസ് പറയുന്നു. ബിഹാറിലാണ് പ്രതിഷേധവും അക്രമങ്ങളും നിയന്ത്രണാതീതമായി തുടരുന്നത്. പദ്ധതി പിന്‍വലിച്ച് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് ഭരണകക്ഷിയും എന്‍.ഡി.എ. സഖ്യകക്ഷിയുമായ ജെ.ഡി.യു. ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

pathram:
Leave a Comment