മക്കൾക്ക് വിലയിട്ട സംഭവം: പോലീസിനെതിരേ ക്രിമിനൽ കേസ് സാധ്യത പരിശോധിച്ച് ഹൈക്കോടതി

കൊച്ചി: മക്കളെ കേസിൽ കുടുക്കാതിരിക്കുന്നതിന് ഡൽഹി സ്വദേശിനിയായ അമ്മയോട് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ എ.എസ്.ഐ. അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ കേസ് ചാർജ് ചെയ്യുന്നതിന്റെ സാധ്യത ഹൈക്കോടതി പരിശോധിക്കും. ഇതിനായി അമിക്കസ് ക്യൂറിയായി അഭിഭാഷകരായ എസ്. രാജീവ്, എ.വി. ജോജോ എന്നിവരെ ഹൈക്കോടതി നിയമിച്ചു.

ഡൽഹിയിലേക്കു പോയ പെൺകുട്ടികളിൽനിന്ന് എ.എസ്.ഐ. 25,000 രൂപ വാങ്ങിയെന്ന് സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരേ ക്രിമിനൽ കേസ് ചാർജ് ചെയ്യാനാകില്ലേയെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. പരാതിയില്ലാതെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ കേസ് ചാർജ് ചെയ്യാനാകില്ലെന്ന് സർക്കാരിനായി ഹാജരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ വിശദീകരിച്ചു. തുടർന്നാണ് ഇക്കാര്യം പരിശോധിക്കുന്നതിനായി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. ഹർജി ജനുവരി ആദ്യം വീണ്ടും പരിഗണിക്കും.

അഞ്ച് മക്കൾക്ക് പോലീസ് അഞ്ച് ലക്ഷം വിലയിട്ടുവെന്ന ’മാതൃഭൂമി’ വാർത്തയെ തുടർന്ന് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

പെൺകുട്ടികളുടെ കൈവശം ഉണ്ടായിരുന്ന 25,000 രൂപ താമസച്ചെലവിനും മറ്റുമെന്ന പേരിലാണ് പോലീസ് വാങ്ങിയത്. ഇതിൽ 17,000 രൂപ റിക്കവർ ചെയ്തതായും കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്. തുടർന്നാണ് ഇതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ പിടിച്ചുപറിക്ക്‌ കേസെടുക്കാനാകില്ലേയെന്ന് കോടതി ആരാഞ്ഞത്.

ട്രെയിനിൽ ഡൽഹിക്കു പോയ പെൺകുട്ടികള കണ്ടെത്താനായി പരാതിക്കാരുടെ ചെലവിലാണ് പോലീസ് ഉദ്യോഗസ്ഥർ ഡൽഹിക്ക്‌ പോയത്. പരാതിക്കാർ തന്നെ വാഗ്ദാനം ചെയ്തതിന്റെ പേരിലായിരുന്നു ഇതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരമാണ് ടിക്കറ്റ് എടുത്ത് നൽകിയതെന്നാണ് കമ്മിഷണറുടെ റിപ്പോർട്ടിലുള്ളത്.

ഡൽഹിക്ക്‌ പോകാനായി പോലീസ് ഉദ്യോഗസ്ഥർക്ക് അഡ്വാൻസ് നൽകിയതായോ ട്രെയിനിൽ പോകാൻ വാറന്റ് അനുവദിച്ചതായോ റിപ്പോർട്ടിൽ ഇല്ല. ക്രിമിനൽ കേസെടുക്കാനാകുമോ എന്നത് കോടതി പരിശോധിക്കുന്നത് ഉദ്യോഗസ്ഥർക്കെതിരേ നിയമപരമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ ഇടപെടലിനെ തുടർന്ന് ഷെൽറ്റർ ഹോമിൽനിന്ന് വീട്ടിലേക്കു വിട്ട പെൺകുട്ടികൾ പഠനം പുനരാരംഭിച്ചതായി കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ അഭിഭാഷകൻ അറിയിച്ചു. ജാമ്യത്തിലിറങ്ങിയ ആൺകുട്ടികൾ ഇപ്പോൾ ചങ്ങനാശ്ശേരിയിലാണ്. ഇവരുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവിനായി ഇതുവരെ കോടതിയിൽ അപേക്ഷ നൽകിയിട്ടില്ല.

പെൺകുട്ടികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തിനെ കാണാനാണ് ഡൽഹിക്ക്‌ പോയത്. തുടർന്നാണ് മാതാപിതാക്കൾ പോലീസിനെ സമീപിക്കുന്നത്. ആരോപണ വിധേയനായ എ.എസ്.ഐ. വിനോദ് കൃഷ്ണ ഇപ്പോൾ സസ്പെൻഷനിലാണ്.

pathram:
Related Post
Leave a Comment