ജയ്പൂർ: സൗഹൃദ ബന്ധത്തിനുള്ള അഭ്യർഥന നിരസിച്ച 17-കാരിയെ യുവാവ് ബ്ലേഡുകൊണ്ട് ആക്രമിച്ചതായി പരാതി. രാജസ്ഥാനിലെ സ്കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിക്ക് നേരെ ക്ലാസ് മുറിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ചതിന് പിന്നാലെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്ലസ്ടു വിദ്യാർഥിയാണ് ആക്രമണത്തിന് പിന്നിൽ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതി പെൺകുട്ടിയെ പിന്തുടരുകയായിരുന്നു. സൗഹൃദം നിരസിച്ചതിലുള്ള ദേഷ്യത്തിൽ ഇടവേള സമയത്ത് ക്ലാസ് മുറിയിലെത്തിയ പ്രതി കൈയിൽ കരുതിയ ബ്ലേഡുകൊണ്ട് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. മുറിവേറ്റ് രക്തം വാർന്ന് കിടന്ന വിദ്യാർഥിനിയുടെ കരച്ചിൽ കേട്ടെത്തിയ അധ്യാപകരും സ്കൂൾ ജീവനക്കാരുമാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മാർവാഡ് ജങ്ഷൻ പോലീസ് എസ്എച്ച്ഒ മോഹൻ സിങ് പറഞ്ഞു. പ്രതിക്ക് 18 വയസ് തികഞ്ഞതായാണ് കരുതുന്നതെന്നും പ്രായം സ്ഥിരീകരിക്കാൻ രേഖകൾ പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ വ്യക്തമാക്കി.
Leave a Comment