മാസങ്ങള്‍ നീണ്ട അനുപമയുടെ പോരാട്ടത്തിന് ജഡ്ജിയുടെ ചേംബറില്‍ സമാപ്തി; കോടതിയില്‍ നടന്നത്

തിരുവനന്തപുരം: ദത്തു നൽകപ്പെട്ട കുഞ്ഞിനെ തിരികെ അമ്മയായ അനുപമയ്ക്ക് കൈമാറാൻ തിരുവനന്തപുരം വഞ്ചിയൂരിലെ കുടുംബക്കോടതി ഉത്തരവിട്ടതോടെ നീതിക്കായി അനുപമ നടത്തിയ മാസങ്ങൾ നീണ്ട പോരാട്ടത്തിനാണ് സമാപ്തിയായത്. ജഡ്ജിയുടെ സാന്നിധ്യത്തിൽ തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറുന്ന അപൂർവ്വ മൂഹൂർത്തത്തിനും കോടതി സാക്ഷിയായി.

ഉച്ചയ്ക്ക് ശേഷം 2.30 നാണ് വഞ്ചിയൂർ കുടുംബകോടതി കേസ് പരിഗണിച്ചത്

വനിതാ ശിശുവികസനവകുപ്പിലെ ഉദ്യോഗസ്ഥർ ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ പാർപ്പിച്ചിരുന്ന കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ നിന്നും കുഞ്ഞിനെ വഞ്ചിയൂരിലെ കുടുംബകോടതിയിലേക്ക് കൊണ്ടുവന്നു. ജഡ്ജിയുടെ ചേംബറിൽ എത്തിച്ചു. അനുപമയും ജഡ്ജിയുടെ ചേംബറിൽ എത്തി.

കുഞ്ഞിനെ ഹാജരാക്കിയ സമയത്ത് വൈദ്യ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് ഡോക്ടറെ എത്തിക്കാൻ ശ്രമം. എന്നാൽ ശിശു രോഗ വിദഗ്ധനെ ലഭിക്കില്ലെന്ന് അറിയിപ്പ് വന്നു. ഡോക്ടറെ കൊണ്ടുവരാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് കോടതിയെ അറിയിച്ചു.

രാവിലെയും കുട്ടിയെ പരിശോധിച്ചിരുന്നതാണെന്നും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. അതിനാൽ വൈദ്യ പരിശോധന നടത്തിയില്ലെങ്കിലും നിയമപ്രശ്നമുണ്ടാകില്ലെന്ന് കണക്കിലെടുത്ത് കുട്ടിയെ അമ്മയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു.

വൈകീട്ട് നാലുമണിയോടെ അനുപമയും പങ്കാളി അജിത്തും ചേർന്ന് ജഡ്ജിയുടെ ചേംബറിൽ വെച്ച് കുഞ്ഞിനെ ഏറ്റുവാങ്ങി.

കുഞ്ഞ് അനുപമയുടെതാണെന്ന ഡി.എൻ.എ. പരിശോധനാ ഫലം അടങ്ങിയ റിപ്പോർട്ട് ശിശുക്ഷേമസമിതി ഇന്ന് രാവിലെ കോടതിക്ക് കൈമാറിയിരുന്നു. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും സി.ഡബ്ല്യു.സി. ആവശ്യപ്പെട്ടിരുന്നു.

pathram desk 1:
Leave a Comment