അനുപമ കേസ്: കുഞ്ഞിനെ തിരികെ എത്തിക്കാന്‍ പോലീസ് സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: കുഞ്ഞിനെ അനധികൃതമായി ദത്തു നല്‍കിയെന്ന അനുപമ എസ്.ചന്ദ്രന്റെ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ ആന്ധ്രയിലുള്ള കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ പോലീസ് സംഘം പുറപ്പെട്ടു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമ സമിതി അംഗവുമാണ് സംഘത്തിലുള്ളത്. നിലവില്‍ ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ആന്ധ്രയിലേക്ക് തിരിച്ചത്. ഉച്ചയോടെ ആന്ധ്രയിലെത്തുന്ന സംഘം കുഞ്ഞുമായി തിരിച്ച് എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരികെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ നാളെയായിരിക്കും സംഘം മടങ്ങുക.

കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാല്‍ ആദ്യം ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കും. കുഞ്ഞിന്റെ സംരക്ഷണച്ചുമതല ശിശു സംരക്ഷണ ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. അതിന്റെ ശേഷമായിരിക്കും പ്രാപ്തനായ മറ്റൊരു വ്യക്തിക്ക് സംരക്ഷണച്ചുമതല കൈമാറാന്‍ സാധ്യത. അങ്ങനെയെങ്കില്‍ അനുപമ തന്നെ സംരക്ഷണ ചുമതലക്ക് വേണ്ടി അപേക്ഷ നല്‍കാനുള്ള സാധ്യതയുമുണ്ട്.

അതിനിടെ കേസില്‍ അനുപമയുടെ ഹര്‍ജി തിരുവനന്തപുരം കുടുംബകോടതി ഇന്നു വീണ്ടും പരിഗണിക്കും. ദത്തുനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ശിശുക്ഷേമ സമിതി ഉത്തരവ് പുറത്തിറക്കിയത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരികെയെത്തിക്കണമെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ ഉത്തരവ്.

pathram:
Leave a Comment