ഹൃദയാഘാതം: ബംഗാള്‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു; തീരാനഷ്ടമെന്ന് മമത

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മന്ത്രിയുമായ സുബ്രത മുഖര്‍ജി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. പഞ്ചായത്ത്കാര്യം ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മുഖര്‍ജിയുടെ വേര്‍പാട് തീരാ നഷ്ടമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖര്‍ജിക്ക് ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

വിവരമറിഞ്ഞ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉടന്‍ തന്നെ ആശുപത്രിയിലെത്തി. മുഖര്‍ജിയുടെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് മമത പറഞ്ഞു. തികഞ്ഞ ആത്മാര്‍ഥതയുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. തനിക്കു വ്യക്തിപരമായ നഷ്ടമാണിതെന്നും മമത പറഞ്ഞു. ഭൗതികശരീരം വെള്ളിയാഴ്ച പൊതുദര്‍ശനത്തിനു വയ്ക്കും.

എഴുപതുകളില്‍ ഇന്ദിരാ ഗാന്ധി രാജ്യം ഭരിക്കുമ്പോള്‍ ബംഗാളില്‍ കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ പ്രമുഖനായിരുന്നു മുഖര്‍ജി. സൊമേന്‍ മിത്ര, പ്രിയ രഞ്ജന്‍ദാസ് മുന്‍ഷി എന്നിവര്‍ക്കൊപ്പം ശക്തമായ സാന്നിധ്യമായിരുന്നു അദ്ദേഹം. 2008ല്‍ മിത്ര തൃണമൂലില്‍ എത്തിയതിനു പിന്നാലെ 2010-ലാണ് മുഖര്‍ജി മമതയ്‌ക്കൊപ്പം ചേരുന്നത്. 2014ല്‍ മിത്ര കോണ്‍ഗ്രസിലേക്കു മടങ്ങിയെങ്കിലും മുഖര്‍ജി തൃണമൂലില്‍ തന്നെ തുടരുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment