പ്രിയപ്പെട്ടവർക്ക് നൽകുന്ന സമ്മാനം ഏറ്റവും സവിശേഷമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. ഈ സമ്മാനത്തിന് പിന്നിൽ കഠിനമായ പ്രയത്നവും കൂടി ചേരുമ്പോൾ വാങ്ങുന്നവർക്കും ഇത് ഏറെ അപൂർവ്വമായ ഒന്നായിരിക്കും. ഇത്തരത്തിൽ തന്റെ പ്രിയതമയ്ക്കും കുഞ്ഞിനും സ്വപ്നതുല്യമായ സമ്മാനം നൽകിയിരിക്കുകയാണ് പ്രവാസി വ്യവസായിയും ബി.സി.സി. കോൺട്രാക്ടിങ്ങ് സ്ഥാപനത്തിന്റെ മേധാവിയുമായ അംജദ് സിതാര.
ലോകത്തിലെ തന്നെ ആഡംബര വാഹനങ്ങളിലെ അതികായനായ റോൾസ് റോയിസ് റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് എന്ന വാഹനമാണ് അംജദ് തന്റെ ഭാര്യയും ബി.സി.സിയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറുമായ മർജാന അംജദിന് പിറന്നാൾ സമ്മാനമായി നൽകിയത്. ഒക്ടോബർ രണ്ടിനായിരുന്നു മർജാനയുടെ പിറന്നാൾ. സമ്മാനത്തിന് ഇരട്ടി മധുരമേകി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവർക്കും ഒരു മകളും ജനിച്ചിരുന്നു. അയ്റ മാലിക് അംജദ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ബ്രീട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയിസ് പുറത്തിറക്കിയിട്ടുള്ള അത്യാഡംബര വാഹനമായ റെയ്ത്ത് ബ്ലാക്ക് ബാഡ്ജ് മോഡലിന് എട്ട് കോടി രൂപയാണ് വില. ഏകദേശം 29 ലക്ഷം രൂപയാണ് ഈ വാഹനത്തിന് ഇൻഷുറൻസ് തുകയായി മാത്രം അടച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. രണ്ട് ഡോർ മോഡലായ ഈ ആഡംബര വാഹനത്തിൽ നാല് പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. 5285 എം.എം. നീളവും 1947 എം.എം. വീതിയുമാണ് ഇതിനുള്ളത്.
6592 സി.സി. ശേഷിയുള്ള വി12 ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 591 ബി.എച്ച്.പി. പവറും 900 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. കേവലം 4.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.
മെഴ്സിഡസ് ജി-വാഗൺ ഇ ക്ലാസ്, റേഞ്ച് റോവർ, ബെന്റ്ലി, ലെക്സസ്, ലാന്റ് ക്രൂയിസർ, ജീപ്പ്, ഡോഡ്ജ് തുടങ്ങിയ വാഹനങ്ങൾ അരങ്ങ് വാഴുന്ന അംജദിന്റെ ഗ്യാരേജിലേക്കാണ് ഇപ്പോൾ റോൾസ് റോയിസിന്റെ അത്യാഡംബര കൂപ്പെ മോഡലായ ഈ ചുവപ്പൻ റെയിത്തും സ്ഥാനം പിടിച്ചിരിക്കുന്നത്.
Leave a Comment