റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാര്‍ഥം വരെ; മെയ്ഡ് ഇന്‍ മട്ടാഞ്ചേരി, തിരുവനന്തപുരത്തെ ആശാരിയും

കൊച്ചി: വ്യാജരേഖകളും വ്യാജമായി തയ്യാറാക്കിയ, പുരാവസ്തുക്കളോട് സാമ്യമുള്ള ഉത്പന്നങ്ങളും ഉപയോഗിച്ച് അതിസമര്‍ഥമായാണ് മോണ്‍സണ്‍ ഇടപാടുകള്‍ നടത്തി പണമുണ്ടാക്കിയത്. പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും തന്ത്രപരമായി ഇയാള്‍ പ്രയോജനപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടക്കമുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഇതിന് നിന്നുകൊടുക്കുകയും ചെയ്തു.

റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന, കോടികള്‍ വിലമതിക്കുന്ന രാസപദാര്‍ഥം മോണ്‍സന്റെ കൈവശം വില്‍പ്പനയ്ക്കായി ഉണ്ടെന്നു പറഞ്ഞ് ഡി.ആര്‍.ഡി.ഒ. സയന്റിസ്റ്റ് നല്‍കിയ രേഖ, കേരള പോലീസ് ഡി.ജി.പി. ഒപ്പിട്ട് തന്റെ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളുടെ രേഖ തുടങ്ങിയവയൊക്കെ മോണ്‍സണ്‍ തട്ടിപ്പിനായി പ്രദര്‍ശിപ്പിച്ചിരുന്നു.

ഇതോടൊപ്പം ബാങ്ക് ഇടപാടുകളുടെയും ആര്‍.ബി.ഐ., കേന്ദ്ര ധനമന്ത്രാലയം, എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയവയുടെയും വ്യാജ രേഖകളും ഇയാള്‍ തയ്യാറാക്കിവെച്ചിരുന്നു. ഇത്തരം രേഖകള്‍ മോണ്‍സന്റെ അമേരിക്കയിലുള്ള ബന്ധുവാണ് നിര്‍മിച്ചുനല്‍കിയതെന്നു പറയുന്നുണ്ട്.

കൈവശമുള്ള ‘പുരാവസ്തു’ക്കളില്‍ ഭൂരിഭാഗവും സിനിമാചിത്രീകരണത്തിന് സാധനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന, എറണാകുളം സ്വദേശിയായ സന്തോഷില്‍നിന്ന് വാങ്ങിയതാണ്. മട്ടാഞ്ചേരിയിലുള്ള പുരാവസ്തുഷോപ്പുകളില്‍നിന്നും ഇത്തരം സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ ആശാരിയെക്കൊണ്ടും ചില സാധനങ്ങള്‍ ഉണ്ടാക്കിയെടുപ്പിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ സംഘടനയെ ദുരുപയോഗംചെയ്ത് പോസ്റ്ററുകളും തയ്യാറാക്കി. പ്രവാസി മലയാളി ഫെഡറേഷന്റെ പേരില്‍ ‘പ്രവാസി പുരസ്‌കാരം മുഖ്യമന്ത്രിക്ക്’ എന്ന് പോസ്റ്റര്‍ ഇറക്കി. പോസ്റ്ററില്‍ മോണ്‍സണ്‍ തന്റെ കമ്പനിയുടെ പേര് ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തു.

തൃശ്ശൂര്‍ സ്വദേശിയുമായി ചേര്‍ന്ന് ഖത്തറില്‍ പുരാവസ്തു മ്യൂസിയത്തിലേക്ക് 15,000 കോടി രൂപയുടെ 93 വസ്തുക്കള്‍ വാങ്ങാന്‍ പദ്ധതിയിട്ടുവെന്ന പേരിലാണ് പുതിയ തട്ടിപ്പിന് കളമൊരുക്കിയത്. ഈ തട്ടിപ്പിലേക്ക് എത്തുംമുമ്പ് മോണ്‍സണ്‍ അകത്തായി.

മകളുടെ വിവാഹനിശ്ചയ ചടങ്ങിലും പോലീസിന്റെ സജീവസാന്നിധ്യം

പുരാവസ്തുവിന്റെപേരിലുള്ള തട്ടിപ്പിന് അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ ചേര്‍ത്തല പോലീസും നിരീക്ഷണത്തില്‍. ഇയാളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെക്കുറിച്ച് വകുപ്പുതലത്തിലും ക്രൈംബ്രാഞ്ചുതലത്തിലും അന്വേഷണം നടക്കുന്നതായാണു വിവരം.

എറണാകുളത്തുനിന്ന് ക്രൈംബ്രാഞ്ച് സംഘം 25-ന് ചേര്‍ത്തലയിലെത്തി ഇയാളെ അറസ്റ്റുചെയ്ത ദിവസംപോലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍വരെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.

മോണ്‍സണിന്റെ മകളുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പോലീസിന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുള്ള ഫോട്ടോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോണ്‍സണിനെതിരേ രണ്ടുവര്‍ഷമായി പരാതികള്‍ ഉണ്ടായിരുന്നെങ്കിലും പോലീസ് ബന്ധത്തില്‍ ഇതെല്ലാം പരിഹരിക്കുകയായിരുന്നെന്നാണു വിവരം.

വാഹനത്തട്ടിപ്പു കേസിലടക്കം ഇയാള്‍ക്കു സഹായകരമായ നിലപാടുകളാണ് പോലീസ് സ്വീകരിച്ചിരുന്നതത്രേ. ആഡംബര വാഹന ഇടപാടില്‍ മോണ്‍സണ്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് കാരവന്‍ അടക്കമുള്ള 21 വാഹനങ്ങള്‍ 2020-ല്‍ പോലീസ് പിടിച്ചെടുത്തത്. നടപടികള്‍ പൂര്‍ത്തിയാകാതെ ഈ വാഹനങ്ങള്‍ ചേര്‍ത്തല സ്റ്റേഷനുസമീപം കിടന്നുനശിക്കുകയാണ്.

മോണ്‍സണെതിരേ പരാതികളുയര്‍ത്തുന്നവരെ പോലീസ് ഇടപെട്ടു ഒതുക്കിയിരുന്നതായി ഇപ്പോള്‍ ക്രൈംബ്രാഞ്ചിനു പരാതികളെത്തിയിട്ടുണ്ട്. വീടിന്റെ പരിസരത്ത് പോലീസ് പട്രോളിങ് സംഘങ്ങളുടെ സാന്നിധ്യമുണ്ടാവാന്‍ ഇയാള്‍ഉന്നതബന്ധം ഉപയോഗിച്ചിരുന്നു. മോണ്‍സണു സുരക്ഷാഭീഷണിയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഉന്നതകേന്ദ്രങ്ങളില്‍നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നാണു വിവാഹനിശ്ചയ ദിവസം ചടങ്ങില്‍ പങ്കെടുത്തതെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ ഇപ്പോള്‍ പറയുന്നത്.

ഫെമയുടെ പേരുപറഞ്ഞ് തുടങ്ങിയ തട്ടിപ്പ്;ഇ.ഡി. കേസെടുത്തേക്കും

കൊച്ചി: വിദേശത്തുനിന്ന് വരാനുള്ള പണം ഫെമ (ഫോറിന്‍ എക്‌സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) പ്രകാരം തടഞ്ഞുവെച്ചെന്ന് അറിയിച്ചാണ് മോണ്‍സണ്‍ പണം തട്ടിയിരുന്നത്. ഫെമയിലെ ഉദ്യോഗസ്ഥര്‍ തന്നെ കാണാന്‍ വന്നതെന്നു കാണിക്കാന്‍ ഹരിയാണ രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ചിത്രവും മോണ്‍സണ്‍ ഉപയോഗിച്ചിരുന്നു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരോടൊപ്പം നില്‍ക്കുന്ന ചിത്രവും പരാതിക്കാര്‍ക്ക് നല്‍കിയിരുന്നു.

ഇടുക്കി രാജാക്കാട് രാജകുമാരിയില്‍നിന്നാണ് തട്ടിപ്പിന്റെ തുടക്കം. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ തമിഴ്നാട് അതിര്‍ത്തിയില്‍ കൊണ്ടുപോയി വില്‍ക്കുന്ന ജോലിയാണ് ആദ്യം നടത്തിയത്. പിന്നീട് ഒട്ടേറെപ്പേരെ സാമ്പത്തികത്തട്ടിപ്പിനിരയാക്കി.

പിന്നീട് സ്വന്തം നാടായ ചേര്‍ത്തലയിലേക്ക് പ്രവര്‍ത്തനം മാറ്റി. ചേര്‍ത്തലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നിടത്തെ ആളെ പറ്റിച്ചാണ് ഇവിടെനിന്ന് കടക്കുന്നത്. പിന്നീട് കൊച്ചിയിലെത്തിയതോടെയാണ് ഫെമയുടെ പേരുപറഞ്ഞുള്ള തട്ടിപ്പിന് തുടക്കമിടുന്നത്. 2014-ല്‍ കലൂരിലെ വീട്ടിലേക്ക് താമസംമാറി. പിന്നാലെയാണ് പുരാവസ്തു വില്‍പ്പനക്കാരനായുള്ള രംഗപ്രവേശം.

pathram:
Leave a Comment