ന്യൂഡല്‍ഹി: മൈസൂരില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്.എസ്. ബൊമ്മൈ. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.
ദ്വദിന സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ബെംഗളൂരുവില്‍ തിരിച്ചെത്തിയാലുടന്‍ ഡിജിപിയുമായി യോഗം ചേര്‍ന്ന് അന്വേഷണ സംഘം രൂപീകരിക്കും. അന്വേഷണത്തില്‍ വിട്ടു വീഴ്ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
സംഭവത്തെ കുറിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശത്തേയും മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. പെണ്‍കുട്ടിയും സുഹൃത്തും അസമയത്ത് അവിടെ പോകരുതായിരുന്നെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം. ഇതിനെ പിന്തുണക്കുന്നില്ലെന്നും ഈ പരാമര്‍ശത്തില്‍ വ്യക്തത നല്‍കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ബസവരാജ്.എസ്. ബൊമ്മൈ നിലപാട് വ്യക്തമാക്കിയത്.
ചൊവ്വാഴ്ചയാണ് മൈസൂരിലെ ചാമൂണ്ഡി ഹില്ലില്‍ വെച്ച് 5 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിനേയും പ്രതികള്‍ ആക്രമിച്ചിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
Leave a Comment