ഇരയെ അപമാനിക്കുന്ന ഇടപെടല്‍ നടത്തിയിട്ടില്ല, ശശീന്ദ്രന്റെ രാജിവേണ്ടെന്ന നിലപാടില്‍ സിപിഎം

തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയുണ്ടായേക്കില്ല. മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്ന് സൂചന.

കേസില്‍ ഇരയെ അപമാനിക്കുന്ന തരത്തില്‍ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. മുഖ്യമന്ത്രിയെ കണ്ട് ശശീന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചതില്‍ മുഖ്യമന്ത്രിയുടെ വിലയിരുത്തലും സമാനമാണെന്നാണ് സൂചന. ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു.

ഇരയുടെ അച്ഛനുമായി മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ലെന്നും രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നു മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നുമാണ് സിപിഎമ്മും വിലയിരുത്തുന്നത്. മന്ത്രി എന്ന തരത്തില്‍ ഇടപെടല്‍ നടത്തുമ്പോള്‍ ഏത് തരം കേസാണെന്ന് മനസ്സിലാക്കുന്നതിലുള്ള ജാഗ്രതക്കുറവിനപ്പുറം ഒരു പ്രശ്‌നവും ഇക്കാര്യത്തിലില്ലെന്ന നിലപാടിലാണ് സിപിഎമ്മും എത്തിയിട്ടുള്ളത്.

താന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടുവെന്നാണ് ശശീന്ദ്രന്‍ നേരത്തെ പ്രതികരിച്ചത്. പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന വിവാദം എന്‍സിപിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുടെ കൂടി ഭാഗമാണെന്ന് ശശീന്ദ്രന്‍ വിശദീകരിച്ചുവെന്നും സൂചനയുണ്ട്. പാര്‍ട്ടിയില്‍ അധികാരവും മന്ത്രിസ്ഥാനവും സംബന്ധിച്ച തര്‍ക്കങ്ങളും തിരഞ്ഞെടുപ്പിന് മുന്‍പ് സജീവമായിരുന്നു.

pathram:
Leave a Comment