വീട്ടമ്മയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; പഞ്ചായത്ത് മെമ്പർ അറസ്റ്റിൽ

നെടുങ്കണ്ടം: വീട്ടമ്മയെ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം. പ്രകാശ്ഗ്രാം മീനുനിവാസിൽ ശശിധരൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മയാണ് (68) അതിക്രമത്തിനിരയായത്.

സംഭവത്തിൽ നെടുങ്കണ്ടം അഞ്ചാം വാർഡ് മെംബർ അജീഷ് മുതുകുന്നേൽ, എട്ടുപടവിൽ ബിജു, അമ്മൻചേരിൽ ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണിയമ്മയുടെ ഭർത്താവ് ശശിധരൻപിള്ള നടത്തുന്ന കടയുടെ മുന്നിൽ വെച്ച് രണ്ടു പേർ തമ്മിൽ തർക്കമുണ്ടായി. കടയുടെ മുന്നിൽ പ്രശ്നം പാടില്ലെന്ന് പറഞ്ഞതോടെ അവർ ശശിധരൻ പിള്ളയുടെ നേരെ തിരിഞ്ഞു.

തർക്കത്തിൽ ഉൾപ്പെട്ട യുവാവ് ഭീഷണിപ്പെടുത്തിയതോടെ ശശിധരൻപിള്ള പൊലീസിൽ പരാതി നൽകി. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി തീർപ്പാക്കിയതായി തങ്കമണിയമ്മ പറഞ്ഞു. എന്നാൽ ഇന്നലെ രാവിലെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം കടയിൽ അതിക്രമിച്ചു കയറി തങ്കമണിയമ്മയുടെ തലയിൽ പെട്രോൾ ഒഴിച്ചു.

കമ്പിവടികൊണ്ടുള്ള ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കടയിലെ സാധനങ്ങളും നശിപ്പിച്ചു. തങ്കമണിയമ്മ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

pathram:
Related Post
Leave a Comment