സിബിഐ ഡയറക്ടറെ 24ന് തിരഞ്ഞെടുക്കും; ബെഹ്‌റ പരിഗണന പട്ടികയില്‍

ന്യൂഡല്‍ഹി: പുതിയ സി ബി ഐ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ മെയ് 24 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡിജിപി ലോക്‌നാഥ് ബെഹ്റ ഉള്‍പ്പടെ സി ബി ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുകള്‍ സമിതി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറി.

സി ബി ഐ താത്കാലിക ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹ, ബി എസ് എഫ് മേധാവി രാകേഷ് അസ്താന, എന്‍ ഐ എ മേധാവി വൈ സി മോദി, സി ഐ എസ് എഫ് മേധാവി സുബോധ് കാന്ത് ജയ്സ്വാള്‍, ഐ ടി ബി പി മേധാവി എസ് എസ് ദേസ്വാള്‍, ഉത്തര്‍പ്രദേശ് ഡി ജി പി ഹിതേഷ് ചന്ദ്ര അവാസ്ഥി എന്നിവരാണ് പരിഗണന പട്ടികയില്‍ ഉള്ള മറ്റ് പ്രമുഖ ഐ പി എസ് ഉദ്യോഗസ്ഥര്‍.

1985 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. ആലപ്പുഴ എ.എസ്.പി ആയാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആയും കൊച്ചി പോലീസ് കമ്മിഷണര്‍, പോലീസ് ആസ്ഥാനത്ത് ഐ.ജി., എ.ഡി.ജി.പി നവീകരണം, വിജിലന്‍സ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍.ഐ.എ., സി.ബി.ഐ. എന്നിവിടങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

ഋഷി കുമാര്‍ ശുക്ല വിരമിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി ആദ്യ ആഴ്ച്ച മുതല്‍ സി ബി ഐ യുടെ താത്കാലിക ഡയറക്ടര്‍ ആയി പ്രവീണ്‍ സിന്‍ഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുക ആയിരുന്നു. പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള നിയമസഭാ തെരെഞ്ഞെടുപ്പുകളുടെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം വൈകുന്നതിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.

pathram:
Leave a Comment