കോവിഡ് മരണങ്ങള്‍ കൂടുന്നു; ശവസംസ്‌കാരത്തിന് സമയം ബുക്കുചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടിലേക്ക് തിരുവനന്തപുരവും

തിരുവനന്തപുരം: കോവിഡ് ബാധിതരുടേതുള്‍പ്പെടെ മരണങ്ങള്‍ കൂടിയതോടെ തിരുവനന്തപുരം ജില്ലയിലെ ശ്മശാനങ്ങളില്‍ ശവസംസ്‌കാരത്തിനുള്ള സംവിധാനം അപര്യാപ്തം. ശവസംസ്‌കാരത്തിന് സമയം ബുക്കുചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടിലേക്ക് തലസ്ഥാനം നീങ്ങുകയാണ്.

തിരുവനന്തപുരം നഗരത്തിലെ തൈക്കാട് ശ്മശാനത്തില്‍ ഇതോടെ വിറക് ശ്മശാനത്തില്‍ കൂടി കോവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മാറനല്ലൂര്‍ പഞ്ചായത്തിന്റെ ശ്മശാനത്തില്‍ എത്തുന്നതില്‍ പകുതി മൃതദേഹങ്ങള്‍ മാത്രമാണ് ഒരു ദിവസം സംസ്‌കരിക്കാനാവുന്നത്. ആറ്റിങ്ങല്‍, നെടുമങ്ങാട് നഗരസഭകളിലെയും പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെയും ശ്മശാനങ്ങളില്‍ സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല.

തൈക്കാട്ട് രണ്ട് ഇലക്ട്രിക് ഫര്‍ണസുകളും പുതുതായി നിര്‍മിച്ച രണ്ട് ഗ്യാസ് ഫര്‍ണസുകളുമാണുള്ളത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ ശവസംസ്‌കാരത്തിനു മാത്രമാണ് കഴിഞ്ഞ കുറേ ആഴ്ചകളായി ഇവ ഉപയോഗിക്കുന്നത്. നാല് വിറകുചിതകളിലാണ് മറ്റുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. ബുധനാഴ്ച 23 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വ്യാഴാഴ്ചത്തേക്കുള്ള ബുക്കിങ്ങും നേരത്തേ കഴിഞ്ഞു. ഇതോടെ വ്യാഴാഴ്ച മുതല്‍ വിറക് ചിതകള്‍ കൂടി കോവിഡ് മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് ഉപയോഗിക്കും. മറ്റ് മൃതദേഹങ്ങളുടെ സംസ്‌കാരത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. നഗരത്തില്‍ കോര്‍പ്പറേഷന് മറ്റു ശ്മശാനങ്ങളില്ല. മറ്റുള്ളവ സമുദായസംഘടനകളുടെ ശ്മശാനങ്ങളാണ്.

ഒരാഴ്ചയോളമായി പ്രതിദിനം ഇരുപതിലേറെ കോവിഡ് മൃതദേഹങ്ങളാണ് തൈക്കാട്ട് സംസ്‌കരിക്കുന്നത്. ഇപ്പോള്‍ ഇതിന്റെ ഇരട്ടിയോളം മൃതദേഹങ്ങള്‍ സംസ്‌കാരത്തിനെത്തിക്കുന്നു. ബാക്കിയുള്ളവയ്ക്ക് അടുത്ത ദിവസത്തേക്കോ അതിന്റെ അടുത്ത ദിവസത്തേക്കോ സമയം നല്‍കുകയാണ്. പ്രതിദിനം 24 മൃതദേഹങ്ങളാണ് നാല് ഫര്‍ണസുകളിലായി സംസ്‌കരിക്കാവുന്നത്.

തുടര്‍ച്ചയായ ഉപയോഗം കാരണം പുതിയ ഒരു ഗ്യാസ് ഫര്‍ണസ് അടക്കം രണ്ടെണ്ണത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിത്തുടങ്ങി. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഇവ കേടാകാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇലക്ട്രിക് ഫര്‍ണസുകള്‍ പത്തു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്.

നഗരത്തിലെ എല്ലാ ആശുപത്രികളിലും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ തൈക്കാട്ടാണ് എത്തിക്കുന്നത്. കൊല്ലം, നാഗര്‍കോവില്‍ മേഖലകളില്‍നിന്നുള്ളവരുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ട്. കഴക്കൂട്ടത്തെ പുതിയ ഗ്യാസ് ശ്മശാനത്തിന്റെ നിര്‍മാണം നടക്കുകയാണ്. ശ്മശാനത്തിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുകയാണെങ്കില്‍ വിറകുചിതകള്‍ക്കുപയോഗിക്കുന്ന താത്!കാലിക സംവിധാനങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

pathram:
Leave a Comment