അമിതവേഗത്തിന് താക്കീത്; പ്രതിഷേധ അഭ്യാസപ്രകടനവുമായി യുവാവ്: അറസ്റ്റ്

പൊലീസിന്‍റെ ബൈക്ക് പരിശോധനയില്‍ പ്രതിഷേധിച്ച് നടുറോഡില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തി സമൂഹമാധ്യമത്തില്‍ പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് പെരിങ്ങമല സ്വദേശി വിഷണുവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വിഷ്ണുവിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന ശുപാര്‍ശ പൊലീസ് മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്മെന്‍റിനു കൈമാറി.

രണ്ടാഴ്ചമുന്‍പ് വിഷ്ണുവിന്‍റെ ആഡംബരബൈക്ക് പൊലീസ് പരിശോധിക്കുകയും അമിതവേഗത്തിനു താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പൊലീസിനെ പരിഹസിച്ച് നടുറോഡില്‍ ബൈക്കില്‍ പ്രകടനം നടത്തി വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ആഡംബര ബൈക്കും വീഡിയോ ചിത്രീകരിക്കാനുപയോഗിച്ച മൊബൈല്‍ഫോണും കോടതിയ്ക്കു കൈമാറി. ഫോണില്‍ ചിത്രീകരിച്ചയാളിനെ കുറിച്ചും കൂടെയുണ്ടായിരുന്ന മറ്റു ബൈക്കുകളെപറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചു.

അറസ്റ്റുചെയ്ത വിഷ്ണുവിനെ ജാമ്യത്തില്‍ വിട്ടയച്ചു. നെടുമങ്ങാടിന്‍റെ പല ഭാഗങ്ങളിലും അപകടരമായ രീതിയില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്ന സംഘങ്ങളെകുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

pathram desk 1:
Leave a Comment