പാലക്കാട്: ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തില്‍ തന്നെ ഉണ്ടാവുമെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഈ ശ്രീധരന്‍. മാലിന്യം, കുടിവെള്ളം എന്നിവയിലാവും താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എ ആവുന്നതുവരെ കാത്തിരിക്കില്ലെന്നും ഈ ശ്രീധരന്‍ പറഞ്ഞു.
വികസനം, വ്യവസായം എന്നിവയാണ് തന്റെ രാഷ്ട്രീയം. വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും താന്‍ പറഞ്ഞിട്ടില്ല. പാലക്കാട് മണ്ഡലത്തില്‍ താമസത്തിനും എംഎല്‍എ ഓഫീസിനുമുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശക്തമായ പ്രവര്‍ത്തക സംവിധാനം ബിജെപിക്കുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പില്‍ തനിക്ക് വ്യക്തിപരമായി ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടില്ലെന്നും യഥാര്‍ഥ പ്രയത്‌നം ബിജെപി പ്രവര്‍ത്തകരുടേതാണ്. ബിജെപിയില്‍ ഏതെങ്കിലും കാര്യത്തില്‍ തിരുത്തല്‍ വേണമെന്ന് തോന്നിയിട്ടില്ല. സംസ്ഥാനവും രാജ്യവും നന്നാവണമെങ്കില്‍ ബിജെപിയെ പ്രോത്സാഹിപ്പിക്കണമെന്നും ഈ ശ്രീധരന്‍ പറഞ്ഞു.
Leave a Comment