തീരദേശ ഹര്‍ത്താല്‍; ഹാര്‍ബറുകള്‍ നിലച്ചു

കൊല്ലം: വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. കരാര്‍ റദ്ദാക്കിയതിനാല്‍ മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്.

തീരദേശ മേഖലയിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അര്‍ദ്ധരാത്രി 12 മണിമുതല്‍ ബോട്ടുകളൊന്നും കടലില്‍ പോയിട്ടില്ല. വിവിധയിടങ്ങളില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തും. ഹര്‍ത്താല്‍ ഹാര്‍ബറുകളുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചു.

പ്രതിപക്ഷ സംഘടനകളെല്ലാം ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ കരാര്‍ പിന്‍വലിച്ചെങ്കിലും ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് മത്സ്യത്തൊഴിലാളികള്‍ ഹർത്താലുമായി മുന്നോട്ട് പോകുന്നത്.

ഹര്‍ത്താലിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് കോവളം എം.എല്‍.എ എം വിന്‍സന്റ് നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ സ്വയമേധയാ ആണ് ഹര്‍ത്താലില്‍ പങ്കെടുക്കുന്നതെന്ന് എം.വിൻസന്റ് എം.എല്‍.എ വ്യക്തമാക്കി. ഓഖിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സഹായങ്ങള്‍ ഇപ്പോഴും കിട്ടാന്‍ ബാക്കിയുണ്ടെന്നും എം.വിന്‍സന്റ് ആരോപിച്ചു. എല്‍.ഡിഎഫ് വീണ്ടു അധികാരത്തില്‍ വന്നാല്‍ കരാറുമായി മുന്നോട്ട് പോകുമെന്നും എം.വില്‍സന്റ് എം.എല്‍.എ ആരോപിച്ചു.

pathram:
Leave a Comment