മോസ്‌കോ : യുകെയ്ക്കും ബഹ്‌റൈനും പുറമെ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കാന്‍ റഷ്യയും. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സീന്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ മോസ്‌കോയിലെ ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങി. വാക്‌സീന്‍ 95% ഫലപ്രദമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നുമാണു റഷ്യ പറയുന്നത്. എന്നാലും ഇപ്പോഴും ആളുകളില്‍ പരീക്ഷണം നടക്കുന്നുണ്ട്
ആദ്യ രണ്ട് ഡോസുകള്‍ ലഭിക്കുന്നതിനായി ഈ ആഴ്ച അവസാനത്തോടെ ആയിരത്തോളം പേരാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ എത്ര ഡോസ് വാക്‌സീന്‍ നിര്‍മിക്കാന്‍ കഴിയുമെന്നതില്‍ റഷ്യയ്ക്ക് ആശങ്കയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ രണ്ടു മില്യന്‍ ഡോസുകള്‍ നിര്‍മിക്കാനാകുമെന്ന പ്രതീക്ഷയാണു നിര്‍മാതാക്കള്‍ പങ്കുവയ്ക്കുന്നത്.
സ്‌കൂളുകളിലും ആരോഗ്യ സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന 13 ദശലക്ഷം ആളുകള്‍ക്ക് വാക്‌സീന്‍ വിതരണം ചെയ്യുമെന്ന് മോസ്‌കോ ഗവര്‍ണര്‍ സെര്‍ഗെയ് സോബിയാനിന്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. വാക്‌സീന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഈ പട്ടിക നീളുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സീന്‍ സ്വീകരിക്കേണ്ടവര്‍ക്കായി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സംവിധാനം മോസ്‌കോ ഒരുക്കിയിട്ടുണ്ട്.
30 ദിവസത്തിനുള്ളില്‍ ഇഞ്ചക്ഷന്‍ ലഭിച്ചവര്‍, രണ്ടാഴ്ചയ്ക്കുള്ളില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരെ വാക്‌സീന്‍ സ്വീകരിക്കുന്നതില്‍നിന്ന് ഒഴിവാക്കും. ഓരോ വ്യക്തിക്കും രണ്ടു ഡോസ് വീതമാകും ലഭിക്കുക. ആദ്യത്തേത് സ്വീകരിച്ച് 21 ദിവസത്തിനു ശേഷമാണ് രണ്ടാമത്തേതു നല്‍കുക.
വാക്‌സീന്റെ ഫലപ്രാപ്തിയെക്കുറിച്ചു റഷ്യന്‍ ആരോഗ്യ മന്ത്രാലയം, സര്‍ക്കാരിന്റെ ഗമാലയ സെന്റര്‍, റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) എന്നിവരാണ് അവകാശവാദം ഉന്നയിച്ചത്. രണ്ടു ഡോസ് വാക്‌സീന്‍ രാജ്യാന്തര വിപണിയില്‍ 10 ഡോളറില്‍ താഴെ വിലയ്ക്കു ലഭ്യമാകും. റഷ്യന്‍ പൗരന്മാര്‍ക്കു സൗജന്യമാണ്.
ആദ്യ ഡോസ് 22,000 സന്നദ്ധ പ്രവര്‍ത്തകരാണു സ്വീകരിച്ചത്. രണ്ടു ഡോസും സ്വീകരിച്ചവര്‍ 19,000ലേറെ വരുമെന്നും റഷ്യ പറഞ്ഞു. 28 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വാക്‌സീന്‍ സൂക്ഷിക്കാനാകും. മറ്റു ചില വാക്‌സീനുകള്‍ക്കു മൈനസ് ഡിഗ്രി സെല്‍ഷ്യസ് താപനില വേണമെന്നിരിക്കെ ഇത് അനുകൂല ഘടകമാണെന്നും റഷ്യ ചൂണ്ടിക്കാട്ടി. യുഎഇ, വെനസ്വേല, ബെലാറസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും സ്പുട്‌നിക് 5 പരീക്ഷണം നടക്കുന്നുണ്ട്.
Leave a Comment