മുഖ്യമന്ത്രിയ്ക്ക് കൂടുതല്‍ അധികാരം: രണ്ടാം തവണയും ശക്തമായി വിയോജിച്ച് ഘടകകക്ഷി മന്ത്രിമാര്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി എന്നിവരിലേക്കു കൂടുതല്‍ അധികാരം ഉറപ്പിക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേഗതിക്കെതിരെ രണ്ടാം തവണയും ശക്തമായി വിയോജിച്ച് ഘടകകക്ഷി മന്ത്രിമാര്‍. ഉത്തരേന്ത്യന്‍ ശൈലിയില്‍ ഭരണം മാറ്റാനാവില്ലെന്നും മന്ത്രിസഭാ ഉപസമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. മന്ത്രിമാരുടെ വിയോജനക്കുറിപ്പോടെ ഉപസമിതി റിപ്പോര്‍ട്ട് നവംബര്‍ നാലിന് മുഖ്യമന്ത്രിക്ക് കൈമാറും.

മന്ത്രിമാരെ നോക്കുകുത്തികളാക്കുകയാണെന്നു ഘടകകക്ഷി മന്ത്രിമാര്‍ ഉപസമിതിയോഗത്തില്‍ ആദ്യമേ തുറന്നടിച്ചതോടെയാണു സര്‍ക്കാര്‍ നീക്കം മെല്ലെയായത്. അതേസമയം കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങള്‍ വേണമെന്ന നിലപാടിലാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങള്‍ നിര്‍വചിക്കുന്നതാണു റൂള്‍സ് ഓഫ് ബിസിനസ്.

ഇത് ഭേദഗതി ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയില്‍ ഘടകകക്ഷി മന്ത്രിമാര്‍ നേരത്തെ തന്നെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നു ധൃതിപിടിച്ച നീക്കങ്ങള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു. മന്ത്രിമാരുടെ അധികാരം വെട്ടി ചുരുക്കുകയും ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അധികാരം വര്‍ധിപ്പിക്കുകയുമാണു ലക്ഷ്യമെന്ന വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

വകുപ്പ് മന്ത്രിമാര്‍ ഡമ്മി എന്ന നിലയിലേക്കു പോകുമെന്ന അഭിപ്രായമാണ് ചില ഘടകക്ഷിമന്ത്രിമാര്‍ ഉപസമിതിയിലുയര്‍ത്തിയ വാദം. ഉദാഹരണത്തിന് റൂള്‍ ഒന്‍പതിലെ മാറ്റമനുസരിച്ച് മന്ത്രി കാണാതെ തന്നെ സെക്രട്ടറിമാര്‍ക്കു ഫയലില്‍ തീരുമാനമെടുത്ത് ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ അംഗീകാരത്തിനായി നല്‍കാം.

റൂള്‍ 20ലെ മാറ്റവും ഇതേ അധികാരമാറ്റം ഊട്ടി ഉറപ്പിക്കുന്നതാണ്. ചുരുക്കത്തില്‍ വകുപ്പ് മന്ത്രി അറിയാതെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വകുപ്പുകള്‍ നിയന്ത്രിക്കാവുന്ന സ്ഥിതി വരും. റൂള്‍ 19, 21 എ, എന്നിവയിലെ മാറ്റം മുഖ്യമന്ത്രിയിലേക്കു കൂടുതല്‍ അധികാരം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ്. റൂള്‍സ് ഓഫ് ബിസിനസ് പോലും മറികടക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ഈ ഭേദഗതി പറയുന്നത്.

റൂള്‍ 36ലെ മാറ്റം പറയുന്നത് കേസുകളില്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നതു മാറ്റണമെന്നാണ്. സെക്രട്ടറിമാരുടെ ഉപസമിതികള്‍ക്ക് മന്ത്രിമാരെ വിളിക്കാം എന്നതുവരെ എത്തിനില്‍ക്കുന്നതാണ് നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍. അതേസമയം, കാലം മാറിയതനുസരിച്ച് റൂള്‍സ് ഓഫ് ബിസിനസും മാറണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും സര്‍ക്കാരിനു മുകളിലുണ്ട്.

pathram:
Related Post
Leave a Comment