കൊച്ചിയിലെ ഹോട്ടലില്‍ യുവാവിനൊപ്പം മുറിയെടുത്ത പെണ്‍കുട്ടി മരിച്ച സംഭവത്തിൽ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗത്തുണ്ടായ മുറിവില്‍നിന്ന് ശരീരത്തിലെ മൂന്നിലൊന്ന് രക്തം നഷ്ടമായി. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ സാധിക്കാത്ത ഹൈപ്പോവോ ലെമിക് ഷോക്ക് എന്ന് അവസ്ഥയിലേക്ക് പെണ്‍കുട്ടിയെത്തി. വിശദമായ രാസപരിശോധന ഫലം വരുന്നത് വരെ കാത്തിരിക്കുകയാണ് പൊലീസ്. പെണ്‍കുട്ടിയെ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും മരണകാരണമായെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും പെണ്‍കുട്ടികളെ പരിചയപ്പെട്ട് അവരെ ചതിയില്‍ വീഴ്ത്തുന്ന സ്ഥിരം പ്രതിയാണ് ഗോകുലെന്ന് പൊലീസ് പറയുന്നു. എഴുപുന്ന സ്വദേശിനിയായ ഈ പെണ്‍കുട്ടിയെയും ഒരു മാസത്തെ പരിചയത്തിനൊടുവിലാണ് ഗോകുല്‍ കൊച്ചിയിലേക്ക് ക്ഷണിച്ചു വരുത്തിയത്. ജോലിക്കായി ഇന്റര്‍വ്യൂ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനവും ചെയ്തു. തുടര്‍ന്നായിരുന്നു സൗത്തിലെ ഹോട്ടലില്‍ മുറിയെടുത്തത്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടി ജോലിതരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനം കൂടി ലഭിച്ചതോടെ ഒന്നും നോക്കാതെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ഗോകുല്‍ നേരത്തെ ഒരു പോക്സോ കേസില്‍ പ്രതിയായിരുന്നു. ഇരയായ പെണ്‍കുട്ടിയെ പിന്നീട് വിവാഹം കഴിച്ചു. ഈ ബന്ധം പക്ഷെ നാലുമാസത്തിപ്പുറം നീണ്ടില്ല. ഗോകുലിന്റെ അമിത മദ്യപാനവും, ലഹരി ഉപയോഗവും പെണ്‍കുട്ടിയെ ഇയാളില്‍ നിന്ന് അകറ്റി.
ഓഗസ്റ്റ് 12 ന് രാവിലെ രക്തം വാര്‍ന്ന് നിലയിൽ ഹോട്ടൽമുറിയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെ ഹോട്ടല്‍ ജീവനക്കാരന്റെ സഹായത്തോടെയായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മുങ്ങിയ ഗോകുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Leave a Comment