ബിജെപി ബന്ധം; രാഹുലിനെ പേരെടുത്ത് വിമര്‍ശിച്ച് കപില്‍ സിബല്‍; കോൺഗ്രസ് യോഗത്തിൽ നേതാക്കളുടെ വാക്‌പോര്

ന്യൂഡൽഹി: അധ്യക്ഷപദം സംബന്ധിച്ച ചർച്ചയ്ക്ക് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നേതാക്കളുടെ വാക്‌പോര്. ഇടക്കാല അധ്യക്ഷ സ്ഥാനത്തുനിന്ന് സോണിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന 23 നേതാക്കൾ സോണിയ ഗാന്ധിക്കു നൽകിയ കത്തിനെച്ചൊല്ലിയാണ് തർക്കം. കത്ത് എഴുതിയവർ ബിജെപിയുമായി കൂട്ടുകൂടുന്നവരാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ കപിൽ സിബൽ, ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

ബിജെപിയെ സഹായിച്ചെന്ന് കണ്ടെത്തിയാല്‍ പാർട്ടിയിൽനിന്നു രാജിവയ്ക്കാൻ തയാറാണെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. രാഹുലിന്റെ പരാമർശത്തിനെതിരെ കപിൽ സിബൽ ട്വീറ്റ് ചെയ്തു. രാഹുലിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ട്വീറ്റ്. കഴിഞ്ഞ 30 വർഷത്തിനിടെയിലെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും ബിജെപിക്ക് അനുകൂലമായി സംസാരിച്ചിട്ടില്ലെന്ന് കപിൽ സിബൽ പറഞ്ഞു. രാജസ്ഥാൻ സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ വിജയിച്ച കാര്യവും മണിപ്പൂരിൽ ബിജെപി സർക്കാരിനെ താഴെയിറക്കിയ കാര്യവും കപിൽ സിബൽ ഓർമിപ്പിച്ചു.

കോൺഗ്രസിന് ‘മുഴുവൻ സമയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തക സമിതി അംഗങ്ങളും മുൻ മന്ത്രിമാരും പിസിസി അധ്യക്ഷന്മാരുമുൾപ്പെടെ രണ്ടാഴ്ച മുൻപെഴുതിയ കത്തിലെ വിവരങ്ങൾ ഞായറാഴ്ചയാണ് പുറത്തായത്. കത്ത് നൽകിയതിനു പിന്നാലെ പ്രവർത്തക സമിതി യോഗം ചേരാൻ സോണിയ നിർദേശം നൽകിയിരുന്നു. ഇതിനുമുൻപു തന്നെ കത്ത് പുറത്തുപോയതിൽ സോണിയ ഗാന്ധി അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. കോൺഗ്രസിൽ ഗാന്ധി കുടുംബത്തിനെതിരെ ഒരു വിഭാഗം നീങ്ങുന്നെന്ന തരത്തിലുള്ള വാർത്തകളിലും അവർ അനിഷ്ടം പ്രകടിപ്പിച്ചതായാണ് സൂചന.

നേതാക്കളുടെ കത്തിന് സോണിയ ഗാന്ധി നൽകിയ മറുപടി കെ.സി.വേണുഗോപാൽ യോഗത്തിൽ വായിച്ചു. ഇടക്കാല അധ്യക്ഷയായി തുടരാൻ താൽപര്യമില്ലെന്നും പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിക്കാനും സോണിയ യോഗത്തിൽ ആവശ്യപ്പെട്ടു. പുതിയ പ്രസിഡന്റ് വരുന്നതു വരെ സോണിയ തുടരണമെന്ന് മൻമോഹൻ സിങ്ങും എ.കെ.ആന്റണിയും പറഞ്ഞു.

pathram:
Leave a Comment