ഏറ്റവും തീവ്ര കോവിഡ് വ്യാപന കേന്ദ്രം; തടവുകാരിൽ ‌പകുതിയോളം പേർക്ക് കോവിഡ്

തിരുവനന്തപുരം: തടവുകാരിൽ പകുതിയോ‌ളം പേർക്കു കോവിഡ് സ്ഥിരീകരിച്ചതോ‌‌‌‌‌‌ട‌െ സംസ്ഥാനത്തെ ഏറ്റവും തീവ്രമായ കോവിഡ് വ്യാപന കേന്ദ്രമായി പൂജപ്പുര സെൻട്രൽ ജയിൽ. ആകെ‌യുള്ള 970 ത‌ടവുകാരെയും 6 ദിവസമായി ആന്റിജൻ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ 475 പേരാണ് പോസിറ്റീവ് ആയവർ; 49%. ഇതിനൊപ്പം 8 ജീവനക്കാർക്കും ജയിൽ ആശുപത്രിയിലെ ഡോക്‌ടർക്കും കോവിഡ് സ്ഥിരീകരിച്ചു.

മുന്നൂറോളം വരുന്ന ജീവനക്കാരിൽ 100 പേരെ പരിശോധിച്ചപ്പോഴാണ് 8 പേർക്കു രോഗം കണ്ടെത്തിയത്. ബാക്കി ജീവനക്കാരുടെ പരിശോധന ഇന്നു നടക്കും. അതേസമയം, പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇവിടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.

ഇന്നലെ 114 തടവുകാർക്കും 4 ജീവനക്കാർക്കുമാണ് കോവിഡ് കണ്ടെത്തിയത്. വൈറസ് ബാധിതരായ തടവുകാരെയെല്ലാം ജയിലിലെ പ്രത്യേക ബ്ലോക്കിലാക്കിയാണു ചികിത്സ. ജയിൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കൊപ്പം 2 ഡോക്ടർമാരെയും ഒരു നഴ്സിനെയും ഒരു ഫാർമസിസ്റ്റിനെയും കൂടി ഇവിടേക്കു നിയോഗിച്ചിട്ടുണ്ട്.പുതിയ തടവുകാരെ കരുതലായി പാർപ്പിക്കുന്നതിനു പൂജപ്പുര എൽബിഎസ് കോളജിൽ ആരംഭിച്ച കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണു രോഗം ബാധിച്ച ജീവനക്കാരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജയിലിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ത‌ടവുകാരനായ കിളിമാനൂർ സ്വദേശി മണികണ്ഠൻ(71) കഴിഞ്ഞ ദിവസം മരിച്ചു. സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ തടവുകാരനാണ്. ശരീരത്തിൽ സോഡിയം കുറ‍‍‍ഞ്ഞ് അവശനായ അദ്ദേഹത്തെ കഴിഞ്ഞ 10ന് മെ‌ഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് പൂജപ്പുര ജയിലിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.

ആ ബ്ലോക്കിലുള്ളവരെ പരിശോധിച്ചപ്പോൾ 56 പേർക്കു കൂടി രോഗം കണ്ടെത്തുകയായിരുന്നു.. ജയിലിൽ രോഗവ്യാപനം തീവ്രമായതോടെ‌ ജീവനക്കാരും ആശങ്കയിലാണ്. കൂടുതൽ ജീവനക്കാർക്കു രോഗം സ്ഥിരീകരിച്ചാൽ ജയിൽ സുരക്ഷയെത്തന്നെ അതു പ്രതികൂലമായി ബാധിക്കും. ജയിലിലെ ഭക്ഷണ യൂണിറ്റും കഫറ്റേരിയയും നേരത്തെ പൂട്ടി. പെട്രോൾ പമ്പിന്റെ പ്രവർത്തനം തുടരുന്നുണ്ട്.

pathram desk 1:
Leave a Comment