കാലവർഷം: എറണാകുളം ജില്ലയിൽ 16 ക്യാമ്പുകൾ തുറന്നു

എറണാകുളം: കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. ജില്ലയിൽ 16 ക്യാമ്പുകളിലായി 475 ആളുകളെ മാറ്റിയിട്ടുണ്ട്. 213 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. 183 പുരുഷന്മാരും 243 സ്ത്രീകളും 49 കുട്ടികളും മൂന്ന് ഭിന്നശേഷിക്കാരും ക്യാമ്പുകളിലുണ്ട്. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ ഡപ്യൂട്ടി കളക്ടർമാർ തഹസിൽദാർ, വില്ലേജ് ഓഫീസർ തദ്ദേശ സ്ഥാപന ങ്ങൾ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.

കോതമംഗലം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. എം.എൽ.എ ആൻറണി ജോൺ ,ഡപ്യൂട്ടി കളക്ടർ അമൃത വല്ലി എന്നിവരുടെ നേതൃത്യത്തിൽ ദുരിതബാധിത മേഖലകൾ സന്ദർശിച്ചു. നെല്ലിക്കുഴിയിൽ വീടിനു ഭീഷണിയായി മൺതിട്ട നിൽക്കുന്നതിനാൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി നോട്ടീസ് നൽകി. കുട്ടമ്പുഴയിൽ പ്ലാവ് മറിഞ്ഞ് ഗർത്തം രൂപപ്പെട്ടത് ശ്രദ്ധയിൽ പെട്ടതു മൂലം മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. അഞ്ചു ദിവസമായി മുങ്ങി കിടക്കുന്ന മണികണ്ഠനാൽ ചപ്പാത്തിൽ അക്കരെയുള്ള വർക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. താലൂക്കിൽ 6 ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 60 കുടുംബങ്ങൾ ക്യാമ്പിലുണ്ട്. രണ്ട് ഭിന്നശേഷിക്കാരും രണ്ട് കുട്ടികളും ഉൾപ്പടെ 137 ആളുകളാണ് ക്യാമ്പുകളിലുണ്ട്.

കടൽകയറ്റം രൂക്ഷമായ ചെല്ലാനം ഉൾപ്പെടുന്ന കൊച്ചി താലൂക്കിൽ രണ്ട് ക്യാമ്പുകളാണുള്ളത്‌. ഇന്നലെ (7-8-20) പുതിയ ക്യാമ്പുകൾ തുറന്നിട്ടില്ല. 89 കുടുംബങ്ങളിലെ 178 പേർ ക്യാമ്പുകളിലുണ്ട്. ബസാർ തോടിലെ കല്ലും മണ്ണും നീക്കം ചെയ്യാൻ ഹിറ്റാച്ചി എത്തിച്ചു.ഇന്ന് പ്രവർത്തനങ്ങൾ ആരംഭിക്കും.

അസിസ്റ്റൻറ് കളക്ടർ രാഹുൽ കൃഷ്ണശർമ്മയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്കിൽ സന്ദർശനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി നോർത്ത് വില്ലേജിൽ കുന്നുംപുറം വി വി എച്ച് എസ് , എളംകുളം വില്ലേജിൽ കെ വി കടവന്ത്ര സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ചേരാനല്ലൂർ , കടമക്കുടി എന്നിവിടങ്ങളിലും ക്യാമ്പുകൾ തുടങ്ങുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി.

മുവാറ്റുപുഴ താലൂക്കിൽ ഇന്നലെ മൂന്ന് ക്യാമ്പുകൾ തുറന്നു. 9 കുടുംബങ്ങളിലെ 37 പേർ ക്യാമ്പിലുണ്ട്. പറവൂർ, ആലുവ താലൂക്കുകളിലും രണ്ട് ക്യാമ്പുകൾ വീതം തുറന്നു. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ മൂന്നാറിലെ രക്ഷാപ്രവർത്തനങ്ങൾക്കായി 52 അംഗ സംഘം പുറപ്പെട്ടു.

ഭൂതത്താൻകെട്ടിലെ എല്ലാ ഷട്ടറുകളും തുറന്ന സാഹചര്യത്തില്‍ വെള്ളത്തിൻറെ അളവ് സ്ഥിരമായി പരിശോധിച്ച് വരികയാണ്. കെ.എസ്.ഇ.ബിയും ജലസേചന വകുപ്പും സംയുക്തമായി ദിവസേന അഞ്ച് തവണയാണ് വെള്ളത്തിൻറെ അളവ് എടുക്കുന്നത്. ഇടുക്കി ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് പരിശോധിക്കുന്നുണ്ട്.
ജില്ലയില്‍ കഴിഞ്ഞ് 24 മണിക്കൂറിനിടെ 73.53 മി.മീ മഴയാണ് ലഭിച്ചത്. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഫ്ലഡ് ലവല്‍ കടന്നു.
മലങ്കര ഡാം തുറക്കുന്ന സാഹചര്യത്തിൽ മുവാറ്റുപുഴയാറിൽ ഒരടി കൂടി ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്താൻ സാധിക്കുന്ന 650 ക്യാമ്പുകൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. 130000 പേർക്കുള്ള സൗകര്യങ്ങൾ ഈ ക്യാമ്പുകളിൽ ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കളക്ടർ എസ്. സുഹാസ് ആവശ്യപ്പെട്ടു.

pathram desk 1:
Related Post
Leave a Comment