സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയ്ക്ക് ഉന്നതരുമായി ബന്ധം

കൊച്ചി: തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥയിലേക്കു നീളുന്നു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇപ്പോള്‍ കസ്റ്റഡിയിലുള്ള കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കടത്തിനുപിന്നില്‍ വന്‍സംഘമെന്ന് തെളിഞ്ഞത്.

ഒളിവില്‍പോയ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിനിടെ, സംസ്ഥാന ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ മാര്‍ക്കറ്റിങ് ലൈസന്‍ ഓഫിസറായിരുന്ന സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു. സ്വര്‍ണക്കടത്തില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. ഇവര്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നാണു സൂചന. സ്വര്‍ണം പിടിച്ചപ്പോള്‍ കേസ് ഒഴിവാക്കുന്നതിനായി സ്വപ്ന ഇടപെടല്‍ നടത്തിയെന്നും വിവരമുണ്ട്.

ഞായറാഴ്ച ദുബായില്‍നിന്നു വിമാനത്തില്‍ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ എത്തിയ 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. രാജ്യാന്തര വിമാനത്താവളത്തില്‍ 3 ദിവസം മുന്‍പാണു കാര്‍ഗോ എത്തിയത്. ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ കര്‍ശന പരിശോധന നടത്താറില്ല. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധിക്കുകയായിരുന്നു.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment