നഗ്‌നയാക്കി ചോദ്യം ചെയ്തു, ഇലക്ട്രിക് ഷോക്ക്‌ നല്‍കി; പൊലീസുകാര്‍ തന്നെ പിന്തുടര്‍ന്ന് കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് സോണി സോറി

പൊലീസുകാര്‍ തന്നെ പിന്തുടര്‍ന്ന് കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ പോരാളിയും ആദിവാസി നേതാവുമായ സോണി സോറി. ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീനമേഖലയായ ബസ്തറില്‍ പൊലീസ് പീഡനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സോണി സോറി (45) ആദിവാസികളുടെ പൊരുതുന്ന മുഖമാണ്.

കഴിഞ്ഞ 29ന് ദന്തേവാദ കലക്ടറേറ്റിനു മുന്നില്‍ വച്ച് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാര്‍ ഇടിപ്പിക്കാന്‍ ശ്രമം നടന്നതായി സോണി പറഞ്ഞു. ‘കുറച്ചുദിവസങ്ങളായി തന്നെ ചിലര്‍ പിന്തുടരുന്നുണ്ടായിരുന്നു. കാറിലുണ്ടായിരുന്നവര്‍ പൊലീസുകാരായിരുന്നുവെന്ന് എനിക്ക് മനസിലായി’ സോണി പറഞ്ഞു. 2016 മുതല്‍ വൈ കാറ്റഗറി സുരക്ഷയാണ് സോണിക്കുള്ളതെന്നും സോണിയുടെ സംരക്ഷണത്തിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും എസ്പി അഭിഷേക് പല്ലവ പ്രതികരിച്ചു.

പൊലീസിന്റെ ക്രൂര പീഡനങ്ങള്‍ ഏല്‍ക്കുകയും പിന്നീട് അതിനെ ചെറുത്തു മനുഷ്യാവകാശ പോരാളിയായി മാറുകയും ചെയ്തതാണ് സോണി സോറിയുടെ ചരിത്രം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2011ല്‍ ആണ് പൊലീസ് അധ്യാപികയായിരുന്ന സോണിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. റായ്പുര്‍ ജയിലില്‍ വച്ച് എസ്പി ഉള്‍പ്പെടെയുള്ള ഉന്നതര്‍ നഗ്‌നയാക്കി ചോദ്യം ചെയ്തതായും ഇലക്ട്രിക് ഷോക്കു നല്‍കിയതായും ആരോപണമുയര്‍ന്നു.

വൈദ്യപരിശോധനയില്‍ സോണിയുടെ ജനനേന്ദ്രിയത്തില്‍ നിന്ന് കല്ലു പുറത്തെടുത്തത് പീഡനത്തിന്റെ ഭീകരത വെളിവാക്കി. ആദിവാസികളെ ഉപദ്രവിക്കുന്നതിന്റെ പേരില്‍ ബസ്തര്‍ പൊലീസ് മേധാവി കല്ലൂരിക്കെതിരെ പ്രസ്താവന നടത്തിയതിനു പിന്നാലെ ആസിഡ് ആക്രമണമുണ്ടായി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് പൊതുരംഗത്ത് സജീവമായത്.

follow us: PATHRAM ONLINE

pathram:
Leave a Comment