വൈദ്യുതി ബില്‍: ആശ്വാസമേകി പിണറായി സര്‍ക്കാര്‍; വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോവിഡ് കാലത്ത് ഉയര്‍ന്ന വൈദ്യുതി ബില്‍ ലഭിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ ഇളവുകളുമായി സര്‍ക്കാര്‍. 40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുക വര്‍ധനവിന്റെ പകുതി സബ്‌സിഡി നല്‍കും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ധനവിന്റെ 30 ശതമാനം സബ്‌സിഡി അനുവദിക്കും.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ധനവിന്റെ 25 ശതമാനമായിരിക്കും സബ്‌സിഡി. പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അധിക ഉപഭോഗംമൂലം ഉണ്ടായിട്ടുള്ള വര്‍ധനവിന്റെ 20 ശതമാനം സബ്‌സിഡി നല്‍കും. ലോക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നു. ഇത് 5 തവണകള്‍ വരെ അനുവദിക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഗുണം 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

FOLLOW US: pathram online

pathram:
Related Post
Leave a Comment