റേഷൻകാർഡുകൾക്ക് എല്ലാം ഒരേ നിറമുള്ള കാലം
റേഷൻ കടക്കാരനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്ന കാലം
എല്ലാവരും റേഷനരി തിന്ന് ജീവിച്ച കാലം
മണ്ണെണക്ക് പച്ചവെള്ളത്തിൻ്റെ നിറമുണ്ടായിരുന്ന കാലം
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നല്ലോ എല്ലാവർക്കും .അതേ ഇനി നമുക്ക് കുറച്ച് പിന്നോട്ട് പോവാം.
വെള്ളി ആഴ്ച്ചയും ശനി ആഴ്ച്ചയും ആയിരിക്കും റേഷൻ കടയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുക. വൈകുനേരം നാല് മണിക്ക് കൗപ്പനും (റേഷൻ കാർഡിൻ്റെ ജനിതക നാമം അതാണ്) സഞ്ചിയും കന്നാസുമായി ജനങ്ങൾ വീട്ടിൽ നിന്നറങ്ങി റേഷൻ പീടികയിലേക്ക് മാർച്ച് ചെയ്യും. രണ്ടിൻ്റെയും, അഞ്ചിൻ്റെയും, പത്തിൻ്റെയും മുഷിഞ്ഞ നോട്ടുകൾ കൈയ്യിൽ ചുരിട്ടി പിടിച്ചായിരിക്കും മിക്കവാറും ആളുകൾ വരിക. പൈസ ഇല്ലാത്ത ചിലർ മറ്റു ചിലരോട് പൈസ കടം വാങ്ങി റേഷനരി വാങ്ങാൻ വരും. എന്നാൽ അപൂർവ്വം ചിലർക്ക് റേഷനരി വാങ്ങാൻ കഴിയില്ല. നാട്ടു ഭാഷാ നിഘണ്ടുവിൽ അതിനെ ” ആ ആഴ്ച്ചയിലെ അരി ഒഴിഞ്ഞ് പോയി” എന്നാണ് സൂചിപ്പിക്കുന്നത്
സ്വന്തം പേരെഴുതി പൊതുവിതരണ കേന്ദ്രം എന്ന ബോർഡ് വെച്ച ഒറ്റമുറി പീടികയിൽ മേശയിട്ട് റേഷൻ കടക്കാരൻ ഇരിക്കും.കടയിൽ വെളിച്ചത്തിനായി അറുപത് വോൾട്ടിൻ്റെ ബൾബ് പ്രകാശിക്കുന്നുണ്ടാവും. അതിൻ്റെ ഞരമ്പുകൾ പോലുള്ള ഫിലമെൻ്റ് പ്രകാശിച്ച് കടയ്ക്കുള്ളിൽ ആകെ മഞ്ഞ വെളിച്ചമായിരിക്കും . കടക്കാരൻ ഇരിക്കുന്നതിന് പിന്നിലായി സാധനങ്ങളുടെ സ്റ്റോക്ക് ബോർഡ് തൂക്കിയിട്ടിട്ടുണ്ടാവും അതിൽ വെള്ള ചോക്ക് കൊണ്ട് സാധനങ്ങളുടെ വില രേഖപ്പെടുത്തി വെച്ചിരിക്കും. കടയിലേക്ക് വരുന്നവർ ഓരോരുത്തരും അവരവരുടെ കാർഡുകൾ മേശപ്പുറത്ത് അട്ടിവെക്കും
“പിന്നെ ഒരു കാത്തിരിപ്പാണ്- നീണ്ട കാത്തിരിപ്പ് ” “……….
ആ കാത്തിരിപ്പിനിടയിൽ കൂടെ വന്നവരുമായി നേരം പോക്കിന് കഥ പറയും. കൂട്ടത്തിൽ കാമുകി – കാമുകൻമാർ ഉണ്ടെങ്കിൽ അവർ പരസ്പരം കഥ പറയും ചുണ്ടുകൾ കൊണ്ടല്ല കണ്ണുകൾ കൊണ്ട്. അവസാനം റേഷൻ കടക്കാരൻ ഗ്രഹനാഥൻ്റെ പേരും വീട്ടുപേര് ചേർത്ത് ഉച്ചത്തിൽ അലറി വിളിക്കും. നമ്മുടെ പേരാണ് വിളിക്കുന്നതെങ്കിൽ നമുക്ക് സാധനങ്ങൾ വാങ്ങാൻ തയ്യാറെടുക്കാം
കാർബൺ പേപ്പർ വെച്ച് മരത്തിൻ്റെ പേന കൊണ്ടാണ് ബില്ല് എഴുതുക. ബില്ലിലെ അക്ഷരങ്ങൾ ലോകത്തിലെ ഒരു ഭാഷാ പണ്ഡിതൻമാർക്കും ഇത് വരെ പിടികിട്ടിയിട്ടില്ല. അരിയും , ഗോതമ്പും, മാസ അവസാനമാണെങ്കിൽ പഞ്ചസാരയും, മണ്ണെണയും ഉണ്ടാവും. ബിൽ തുക നൽകിയാൽ ബാക്കി ചില്ലറ തരാനില്ലെങ്കിൽ കാർഡിൻ്റെ പിൻവശത്ത് ആ തുക രേഖപ്പെടുത്തി വെക്കും.ബില്ല് എഴുതുന്നതിനിടയിൽ അടുത്ത ചായ കടകാരൻ നേരങ്ങെ കൊണ്ട് വെച്ച തണുത്ത് പോയചായ അയാൾ പെട്ടെന്നെടുത്ത് കുടിക്കും.കടയിലെത്തിയ ചിലരോട് റേഷൻ കടകാരൻ ബാലൻ കെ നായർ ജയനോട് സംസാരിക്കുന്നത് പോലെ ചാടി കടിക്കുന്ന രീതിയിൽ സംസാരിക്കും മറ്റു ചിലരോട് പ്രേംനസീർ ഷീലയോട് സംസാരിക്കുന്നതു പോലെ മധുരമായി സംസാരിക്കുന്നതായും കാണാം.
ഓരോ റേഷൻ കടയിലും കടക്കാരന് വിശ്വസ്തനായ ഒരു സഹായി ഉണ്ടായിരിക്കും. ഒറ്റ കൈ കൊണ്ട് അരി ബക്കറ്റ് തൂക്കി തൂക്കി അയാളുടെ ഒരു കൈയ്യിലെ മസിൽ മറു കയ്യിലെ മസിലിനേക്കാൾ ദൃഢപെട്ടിരിക്കുന്നതായി കാണാം. ഓരോ അരി മണിയും സ്വർണ്ണം തൂക്കുന്നതു പോലെ ആണ് അയാൾ തൂക്കുക. പുതിയ ചാക്ക് ആണ് എടുക്കുന്നതെങ്കിൽ അരി ചാക്ക് തുന്നിയ നൂൽ പാവാടയുടെ കയർ വലിച്ച് ഊരുന്നത് പോലെ അയാൾ വലിച്ചൂരിയെടുക്കും. അത് പോലെ തന്നെ കാലി ആയ ചാക്കുകൾ കടയ്ക്ക് അകത്ത് ഭംഗിയായി മടക്കി വെക്കും. റേഷൻ കടയിലെ അരി തൂക്കുന്ന ത്രാസിന് മുകളിലായി ഒരു ചെറിയ കല്ല് തൂക്കിയിട്ടതായി കാണാം. അത് എന്തിനാണ് തൂക്കിയിട്ടതെന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല.
അരിയും പഞ്ചസാരയും , ഗോതമ്പും വാങ്ങി കഴിഞ്ഞാൽ മാത്രമാണ് ചിമ്മിണി തരിക. വലിയ ഉരുണ്ട ഇരുമ്പ് പാത്രത്തിലെ ചിമ്മിണിയെ വളരെ സുക്ഷ്മതതോടെ പ്ളാസ്റ്റിക്കിൻ്റെ സുതാര്യമായ പെപ്പിലൂടെ അറബികൾ ഹുക്ക വലിക്കുന്നത് പോലെ വായ കൊണ്ട് വലിച്ച് മറ്റൊരു ചെറിയ പാത്രത്തിലാക്കുന്നു. പിന്നീട് കോളാമ്പി പോലുള്ള വലിയ നാളം വെച്ച് പച്ചവെള്ളം പോലുള്ള ചിമിണ്ണി എല്ലാവർക്കും കന്നാസിൽ അളന്ന് കൊടുക്കുന്നു. ചിമ്മിണി സൂക്ഷിച്ച വലിയ ഉരുണ്ട ഇരുമ്പുപാത്രത്തിനടുത്ത് ചിലപ്പോൾ നായകളെ കാണാം. അത് അവിടെ വന്ന ആളുകളെ അനുഗമിച്ച് വീട്ടിൽ നിന്നും വന്ന വളർത്ത് നായകൾ ആണ്.
അരിയും മറ്റ് സാധനങ്ങളും സഞ്ചിയിലാക്കി കെട്ടി തലയിൽ വെച്ച് ഒരു കൈകൊണ്ട് ചെറുതായി താങ്ങി പിടിക്കും. മറുകയ്യിൽ മണ്ണെണയുടെ കന്നാസ് തൂക്കി പിടിക്കും.നടതത്തിന് വേഗത കൂടുമ്പോൾ കന്നാസിൻ്റെ പുറത്ത് കൂടി ചിലപ്പോൾ മണ്ണെണ ഒലിക്കും. ചിലർ സാധനങ്ങൾ വാങ്ങി ഹെർക്കുലീസ് സൈക്കിളിൽ വെച്ച് ഗമയോടെ പോവുന്നതായി കാണാം. മറ്റു ചിലർ തലയിൽ അരി സഞ്ചിയും ഇടത്തേ കയ്യിൽ ഉപ്പൂത്തി ഇലയിൽ പൊതിഞ്ഞ മീനും വലത് കയ്യിൽ മണ്ണെണ കന്നാസുമായി കാവടിയാട്ടക്കാരെ പോലെ നടന്നു നീങ്ങുന്നതായി കാണാം.
സാധനങ്ങളുമായി വീട്ടിലെത്താൻ ഏഴ് മണി ആവും. പുരയിലെത്തിയാൽ ആദ്യം കന്നാസിലെ മണ്ണെണ വീടിലെ കെടാറായ വിളക്കിൽ ഒഴിച്ച് അതിന് ജീവൻ വെപ്പിക്കും.പിന്നീട് ആ മണ്ണെണ വിളക്കിൻ്റെ വെളിച്ചത്തിൽ സഞ്ചിയിലെ അരി നാഴി കൊണ്ട് അളന്നെടുത്ത് മുറത്തിലാക്കി ചേറി പെറുക്കി അരിയിൽ നിന്ന് കല്ലും, മണ്ണും ,ചെള്ളും പോക്കി ചോറുണ്ടാക്കി തിന്നും .
സമർപ്പണം – റേഷൻ കടയിൽ വരി നിന്ന് അരി വാങ്ങി ചോറ് തിന്നവർക്ക്
follow us: PATHRAM ONLINE LATEST NEWS
Leave a Comment