കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എംഎല്‍എ മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എംഎല്‍എ മരിച്ചു. ഡി.എം.കെ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ജെ.അന്‍പഴകനാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. ഡോ. റെല ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് മെഡിക്കല്‍ സെന്ററില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിത്സയിലായിരുന്ന അന്‍പഴകന്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടുവന്നെങ്കിലും വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുകയും ഇന്നലെ വീണ്ടും വഷളാവുകയായിരുന്നു.

രാജ്യത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി കൊവിഡ് ബാധിച്ച് മരിക്കുന്നത്. ചെന്നൈ ചെപോക്തിരുവള്ളികെനി മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് അന്‍പഴകന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്നിരുന്ന നേതാവായിരുന്നു അദ്ദേഹം. ദക്ഷിണ ചെന്നൈയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം അന്‍പഴകനായിരുന്നു. ലോക്ഡൗണിലെ തുടര്‍ന്ന് ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നതും അന്‍പഴകന്റെ പ്രവര്‍ത്തനമായിരുന്നു. 2001ലെ തെരഞ്ഞെടുപ്പില്‍ തിയഗരായ നഗര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2011ലും 2016ലും ചെപോക്കില്‍ നിന്നും നിയമസഭയിലെത്തി.

1958 ജൂണ്‍ 10നായിരുന്നു ജയരാമന്‍ അന്‍പഴകന്‍ ജനിച്ചത്. 62ാം ജന്മദിനത്തില്‍ തന്നെ അദ്ദേഹം മരണമടയുകയും ചെയ്തു. തമിഴ് സിനിമയിലും സാന്നിധ്യമറിയിച്ച ജനപ്രതിനിധി കൂടിയാണ് അന്‍പഴകന്‍. 2013ല്‍ പുറത്തിറങ്ങിയ ‘ആദി ഭാര്‍ഗവന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയിരുന്നു.

Follow us: pathram online

pathram:
Related Post
Leave a Comment