സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് വന്നതിന് പിന്നാലെ ജാഗ്രതയോടെ തീരുമാനമെടുത്ത് തിരുവനന്തപുരം പാളയം ജുമാ മസ്ജിദ്. നിയന്ത്രണങ്ങൾ പാലിച്ച് തുറക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തൽക്കാലം തുറക്കില്ല. പള്ളി പരിപാലന സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
പാളയത്ത് ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും മറ്റു നാടുകളില്‍ നിന്നുള്ള അപരിചിതരുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടാകും. ഇതുകൊണ്ടാണ് തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് കേന്ദ്ര മാനദണ്ഡമനുസരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 65 വയസിനുമുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും ആരാധനാലയങ്ങളില്‍ പോകരുത്. ഗര്‍ഭിണികളും ആരാധനാലയങ്ങളില്‍ പോകരുത്, സാമൂഹിക അകലം പാലിക്കണം. ആദ്യം വരുന്നവര്‍ ആദ്യം എന്ന ക്രമം പാലിക്കണം. കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രകടമായി പതിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം അടയാളപ്പെടുത്തണം.
കയറാനും ഇറങ്ങാനും പ്രത്യേകം വഴി വേണം. ആരാധനാലയങ്ങളിലെത്തുന്നവരുടെ പേര് വിവരം സൂക്ഷിക്കണം. ഭക്തിഗാനങ്ങള്‍ കൂട്ടായി പാടുന്നത് ഒഴിവാക്കണം, വിഗ്രഹങ്ങളില്‍ തൊടരുത്. അന്നദാനം, ചോറൂണ് ഒഴിവാക്കണം, മാമോദീസ കരസ്പര്‍ശമില്ലാതെ. പ്രസാദവും തീര്‍ഥവും വേണ്ട, ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനം നല്‍കരുത്. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ, ഒരു സമയം അന്‍പതിലധികം പേര്‍ പാടില്ല.
Follow us – pathram online
Leave a Comment